ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റുന്ന ബി.ജെ.പി നടപടിയെ കണക്കിനു പരിഹസിച്ച് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. സ്റ്റേഷന്റെ പേരു മാറ്റിയാല്‍ ട്രെയിനുകള്‍ സമയത്തിനു വരില്ലെന്നാണ് രാജ്ഭര്‍ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞത്. മുഗള്‍സരായ് സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ് ജങ്ക്ഷനെന്ന് പേരുമാറ്റിയ നടപടിയ്‌ക്കെതിരെയാണ് രാജ്ഭറിന്റെ പരാമര്‍ശം.
സഹൂറാബാദ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രതിനിധിയാണ് രാജ്ഭര്‍. “സ്റ്റേഷന്റെ പേരുകള്‍ മാറ്റിയാല്‍ തീവണ്ടികള്‍ സമയത്തു വരില്ല. സര്‍ക്കാര്‍ ആദ്യം ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമതയെയാണ് മെച്ചപ്പെടുത്തേണ്ടത്.” രാജ്ഭര്‍ പറയുന്നു.
ഇന്നലെയാണ് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, റെയില്‍വേമന്ത്രി പീയൂഷ് ഗോയല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് ദീന്‍ദയാല്‍ സ്‌റ്റേഷന്റെ പേരുമാറ്റച്ചടങ്ങിന് നേതൃത്വം നല്‍കിയത്. രാജ്യത്തെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ റെയില്‍വേ ജങ്ക്ഷനുകളിലൊന്നായ മുഗള്‍സരായ് ഇപ്പോള്‍ കാവി നിറമടിച്ച അവസ്ഥയിലാണുള്ളത്.
കഴിഞ്ഞ വര്‍ഷമാണ് പേരുമാറ്റത്തിനുള്ള തീരുമാനം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ശേഷം കേന്ദ്രാനുമതിയും ലഭിക്കുകയായിരുന്നു.
ആര്‍.എസ്.എസ് ആശയപ്രചാരകനായ ദീന്‍ദയാല്‍ ഉപാധ്യായയോടുള്ള ബഹുമാനാര്‍ത്ഥമാണ് സ്‌റ്റേഷന്‍ പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചത്. ബി.ജെ.പിയുടെ മുന്‍ഗാമിയായ ഭാരതീയ ജന സംഘിന്റെ സ്ഥാപരിലൊരാളാണ് ദീന്‍ദയാല്‍.
1968ല്‍ ദീന്‍ദയാലിനെ മുഗള്‍സരായ് സ്റ്റേഷന്റെ പരിസരത്ത് ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.