| Thursday, 28th November 2013, 12:08 pm

ഇര്‍വിന്‍ പാര്‍ക്കിലെ കടുവയുടെ ആക്രമണത്തില്‍ പരിശീലകന് ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ സ്റ്റീവ് ഇര്‍വിന്‍ പാര്‍ക്കിലെ കടുവയുടെ ആക്രമണത്തില്‍ പരിശീലകന് ഗുരുതര പരിക്ക്.

30 കാരനായ ഡേവിഡ് സ്റ്റൈലാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. പാര്‍ക്കിലെ വെള്ളത്തില്‍ കളിക്കുകയായിരുന്ന കടുവ പൊടുന്നനെ ഓടിവന്ന് ഇദ്ദേഹത്തിന്റെ കഴുത്തിലും ചുമലിലും കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കെയര്‍ഫ്‌ളൈറ്റ് ഹെലികോപ്റ്ററില്‍ റോയല്‍ ബ്രിസ്‌ബേന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടെങ്കിലും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അന്‍പതോളം പേര്‍ പാര്‍ക്കിലുണ്ടായിരുന്ന സമയത്തായിരുന്നു കടുവയുടെ ആക്രമണം. കടുവ പരിശീലകന്റെ നേരെ ചാടിയടുത്ത ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കഴുത്തില്‍ കടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉടന്‍ തന്നെ മറ്റ് പരിശീലകര്‍ കടുവയുടെ അടുത്തേക്ക് ഓടി ശ്രദ്ധമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരാള്‍ കടുവയെ വടി ഉപയോഗിച്ച് അടിക്കുന്നുമുണ്ടായിരുന്നു.

കടുവയ്ക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് പാര്‍ക്ക് ഡയരക്ടര്‍ വെസ് മാനിയന്‍ പറഞ്ഞു. പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു കടുവയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കില്‍ 3 ബംഗാള്‍ കടുവകളും 8 സുമാത്രന്‍ കടുവകളും ഉണ്ട്.

ക്രൊക്കൊഡൈല്‍ ഹണ്ടര്‍ എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനായ, ഓസ്‌ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനും, വന്യജീവി വിദഗ്ദ്ധനുമായിരുന്ന സ്റ്റീവ് ഇര്‍വിന്റെ കൂടി ഉടമസ്ഥതയിലുള്ളതാണ് പാര്‍ക്ക്.

ക്വീന്‍സ്‌ലാന്‍ഡിലെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ തിരണ്ടി (സ്റ്റിങ് റേ)വാലുകൊണ്ട് ഹൃദയത്തില്‍ കുത്തേറ്റായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.

We use cookies to give you the best possible experience. Learn more