കനത്ത മഴയും കാറ്റും; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു
Heavy Rain
കനത്ത മഴയും കാറ്റും; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th August 2019, 2:31 pm

തൃശ്ശൂര്‍: കനത്ത മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കില്‍ മരം വീണതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ചാലക്കുടിക്കും ഇരങ്ങാലക്കുടയ്ക്കും ഇടയിലും കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും ഇടയിലുമാണ് മരം വീണത്.

ട്രാക്കില്‍ മരം വീണതോടെ ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി- ലോകമാന്യതിലക്, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസും അഞ്ച് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസും മൂന്നുമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ ഇരിങ്ങാലക്കുടയില്‍ പിടിച്ചിട്ടു.

മരംവീണതിനെ തുടര്‍ന്ന് ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍ ഒരുമണിക്കൂറോളം പിടിച്ചിട്ടു. ബുധനാഴ്ച പുറപ്പെടേണ്ട അമൃത്സര്‍ എക്സ്പ്രസ് 17 മണിക്കൂര്‍ വൈകിയാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടത്. ഇത് കറുകുറ്റിയില്‍ പിടിച്ചിട്ടു.

ഇന്‍ഡോറില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള എക്സ്പ്രസ് നാല് മണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. കോഴിക്കോടേക്കുള്ള ജനശതാബ്ദി എത്തിച്ചേരാത്തതിനാല്‍ ഇവിടെ നിന്ന് തിരിച്ചുള്ള ട്രെയിനും പുറപ്പെടുന്നത് വൈകും.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടുമുതല്‍ 11-ാം തിയ്യതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-ാം തിയ്യതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമാണ്.

മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.