പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
Heavy Rain
പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2019, 11:06 am

പാലക്കാട്: കനത്ത മഴയില്‍ തടസ്സപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിക്കുന്നു. പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തിരുവനന്തപുരം-ഷൊറണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്.

പാലക്കാട് പാതയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും. കോഴിക്കോട് പാതയില്‍ പാലങ്ങളും സിഗ്‌നല്‍ സംവിധാനവും ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനുകളും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിവിഷനിലെ 20ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം, കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിച്ചു.

താമരശ്ശേരി, കൊടുവള്ളി, പുതുപ്പാടി, കോടഞ്ചേരി, കാട്ടിപ്പാറ മേഖലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ദേശീയപാതയില്‍ ഈങ്ങാപ്പുഴ, വാവാട്, നെല്ലാങ്കണ്ടി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവായതിനാല്‍ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്.

പടനിലത്ത് വെള്ളം ഒഴിഞ്ഞു തുടങ്ങി. വലിയ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും സര്‍വീസ് പുനരാരംഭിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബി.എസ്.എഫ് സംഘം താമരശ്ശേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം. മലയോര ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ചൊവ്വാഴ്ച വരെ തീരദേശ ജില്ലകളില്‍ മഴ തുടരും. പൊതുവെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഇന്നും റെഡ് അലെര്‍ട്ട് തുടരുന്നത്.