അഹമ്മദാബാദ്: ഗുജറാത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍ തട്ടി ചത്തതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിച്ച് ഗോ രക്ഷകര്‍.മെഹ്‌സാനയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ കടന്ന് പോവുന്നതിനിടെ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നു പശു.
ട്രെയിന്‍ തട്ടിയ പശു ചത്തു. എന്നാല്‍ അപകടമല്ലെന്നും ലോക്കോ പൈലറ്റ് ബോധപൂര്‍വ്വം പശുവിനെ കൊല്ലാന്‍ വേണ്ടി ഇടിച്ചതാണെന്ന് ആരോപണം ഉന്നയിച്ചാണ് ലോക്കോ പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിച്ചത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മുപ്പത് വയസ്സുള്ള ഒരു യുവാവ് പെട്ടെന്ന് ലോക്കോ പൈലറ്റ് ജി.എ ഝാലക്കെതിരെ ആരോപണം ഉന്നയിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് 150ഓളം ഗോരക്ഷകര്‍ സ്ഥലത്തെത്തുകയും ചെയ്തു. ഇവരും ലോക്കോ പൈലറ്റിനെതിരെ തിരിയുകയായിരുന്നു.
ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റുമ്പോള്‍ ബഹുമാനത്തോടെ ചെയ്യണമെന്ന് റെയില്‍വേ ജീവനക്കാരോട് ഗോരക്ഷകര്‍ ഭീഷണി മുഴക്കി. പശുവിനെ നീക്കം ചെയത് ട്രെയിന്‍ മുന്നോട്ട് പോകവേ കാംലി, ഉഞ്ജ എന്നീ ജംഗ്ഷനുകളിലും ലോക്കോ പൈലറ്റിന് നേരെ ഭീഷണിയും അധിക്ഷേപവും ഉണ്ടായി. തുടര്‍ന്ന് പൊലീസിന് വാക്കി ടോക്കി വഴി ഝാല പരാതി നല്‍കി. ബിപിന്‍ സിംഗ് രാജ്പുത് എന്നയാളാണ് ലോക്കോ പൈലറ്റിനെ കയ്യേറ്റം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.