| Tuesday, 10th September 2024, 2:28 pm

ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമങ്ങൾ; ആഗസ്റ്റ് മുതൽ ഉണ്ടായത് 18 എണ്ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആഗസ്റ്റ് മുതൽ രാജ്യത്തുടനീളം ട്രെയിനുകൾ പാലം തെറ്റിക്കാനുള്ള 18 ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട്. കാൺപൂരിലും അജ്മീറിലും ഞായറാഴ്ച മാത്രം രണ്ടെണ്ണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. 2023 ജൂലൈ മുതൽ ഇത്തരത്തിൽ 24 ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. റെയിൽവേയുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് മുതൽ ഉണ്ടായ 18 സംഭവങ്ങളിൽ 15 എണ്ണം ഓഗസ്റ്റിലും മൂന്നെണ്ണം സെപ്റ്റംബറിലുമാണ്. എൽ.പി.ജി സിലിണ്ടറുകൾ, സൈക്കിളുകൾ, ഇരുമ്പ് ദണ്ഡുകൾ, സിമൻ്റ് കട്ടകൾ എന്നിവയുൾപ്പെടെ റെയിൽവേ ട്രാക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന വിവിധതരം വസ്തുക്കൾ അധികൃതർ കണ്ടെത്തിയിരുന്നു.

ഈ സംഭവങ്ങളിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലാണ് നടന്നത്. ബാക്കിയുള്ളവ പഞ്ചാബ്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.

ഓഗസ്റ്റിൽ നടന്ന ഇത്തരമൊരു ശ്രമത്തിൽ അഹമ്മദാബാദിലേക്ക് പോകുന്ന സബർമതി എക്സ്പ്രസ് പാസഞ്ചർ ട്രെയിനിൻ്റെ 20 കോച്ചുകൾ കാൺപൂരിലെ ഗോവിന്ദ്പുരി സ്റ്റേഷന് സമീപം ട്രാക്കിൽ സ്ഥാപിച്ചിരുന്ന വസ്തുവിൽ ഇടിച്ചതിനെ തുടർന്ന് പാളം തെറ്റിയിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടാതെ കഴിഞ്ഞ ഞായറാഴ്ച പാളം തെറ്റിക്കാനുള്ള രണ്ട് ശ്രമങ്ങൾ നടന്നിരുന്നു. കാൺപൂരിൽ റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽ.പി.ജി സിലിണ്ടറിൽ ഇടിച്ചതിനെ തുടർന്ന് കാളിന്ദി എക്‌സ്പ്രസ് പാസഞ്ചർ ട്രെയിൻ, യാത്ര നിർത്തിവെക്കേണ്ടി വന്നിരുന്നു.

ട്രാക്കിൽ സിലിണ്ടറും ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ഉൾപ്പെടെയുള്ള സംശയാസ്പദമായ വസ്തുക്കൾ കണ്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടുകയായിരുന്നു. സംഭവത്തിൽ കാൺപൂർ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് രാത്രി, രാജസ്ഥാനിലെ അജ്മീറിൽ ട്രാക്കിൽ ചരക്ക് ട്രെയിൻ 70 കിലോ വീതം ഭാരമുള്ള രണ്ട് സിമൻ്റ് കട്ടകളിൽ ഇടിച്ചിരുന്നു. ബ്ലോക്കുകളിൽ ഇടിച്ചെങ്കിലും കേടുപാടുകൾ കൂടാതെ ട്രെയിൻ യാത്ര തുടർന്നു. അതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

സെപ്തംബർ നാലിന് സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ റെയിൽവേ ട്രാക്കിൽ അപരിചിതർ ഒരു കൂറ്റൻ കല്ല് സ്ഥാപിക്കുന്നത് ടവർ വാഗണിൻ്റെ ലോക്കോ പൈലറ്റുമാർ ശ്രദ്ധിക്കുകയും അതിൽ ഇടിക്കുന്നതിന് മുമ്പ് ട്രെയിൻ നിർത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023ൽ ഒഡീഷയിലും രാജസ്ഥാനിലും യഥാക്രമം ജൂണിലും ഒക്‌ടോബറിലും രണ്ട് പാളം തെറ്റൽ ശ്രമങ്ങൾ നടന്നിരുന്നു. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ റെയിൽവേ ക്രോസിൽ മരത്തടി കണ്ടെത്തിയപ്പോൾ രാജസ്ഥാനിലെ ചിത്തോർഗഡിൽ ട്രാക്കിൽ കല്ലായിരുന്നു കണ്ടെത്തിയത്.

Content Highlight: Train derailment bids on rise, 18 attempts just since August: Railways

We use cookies to give you the best possible experience. Learn more