ലാരിസ: ഗ്രീസിൽ പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും കൂട്ടിയിടിച്ച് 36 മരണം. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികാരികൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിലേക്ക് തീ പടർന്നതാണ് അപകടം തീവ്രമാക്കിയതെന്ന് രക്ഷപെട്ട യാത്രക്കാർ പറഞ്ഞതായി സ്‌കായ് ടി. വി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ട്രെയിനുകൾ ഒരേ ട്രാക്കിലെത്താൻ കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അപകടം അപ്രതീക്ഷിതമായിരുന്നുവെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് പറഞ്ഞു. വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരത്തിൽ ഒരു ദുരന്തം ഇനിയുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
തലസ്ഥാനമായ ഏഥൻസിൽ നിന്ന് വടക്കൻ ഗ്രീസിലെ തെസ്സലോനിക്കിയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിൻ ലാറിസ നഗരത്തിന് സമീപമുള്ള തുരങ്കത്തിൽ നിന്ന് പുറത്തു വരുന്നതിനിടെയായിരുന്നു അപകടം.
അതേസമയം അപകടത്തിന് മുമ്പ് രണ്ട് ട്രെയിനുകളും ഒരേ ട്രാക്കിൽ കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്നതായി സർക്കാർ വക്താവ് ജിയാനിസ് ഒയ്‌കോനോമോ പറഞ്ഞു.
342 യാത്രക്കാരും പത്ത് ക്രൂ അംഗങ്ങളുമായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. കാർഗോ ട്രെയിനിൽ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും യുവാക്കളാണെന്ന് ലാരിസ ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി അപ്പോസ്റ്റോലോസ് കോംനോസ് പറയുന്നു.
Content Highlight: Train clash in greece, 36 killed