| Saturday, 3rd June 2023, 9:22 am

സിഗ്നലിങ് പാളിയെന്ന് സംശയം; ഒരു ബോഗി കൂടി വെട്ടിപ്പൊളിക്കാന്‍ ബാക്കി; രക്ഷാദൗത്യം അതീവദുഷ്‌ക്കരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ചത് സിഗ്നലിങ്ങിലെ പാളിച്ചയെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ അധികൃതര്‍. ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല. അപകടത്തില്‍പ്പെട്ട ഇരു ട്രെയിനുകളും 100 കിലോമീറ്ററിന് മുകളില്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന്അപകടസ്ഥലം സന്ദര്‍ശിച്ചെങ്കിലും അപകടത്തിനിടയാക്കിയ കാരണത്തെ കുറിച്ച് വെളിപ്പെടുത്തലുകളൊന്നും തന്നെ നടത്തിയില്ല. നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടം ഉന്നതാധികാര സമിതി അന്വേഷിക്കുമെന്നും രക്ഷാദൗത്യത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് രാജ്യത്തെ വടക്ക്-കിഴക്കന്‍ റെയില്‍വേ ഗതാഗതം താറുമാറായിരിക്കുകയാണ്. നിലവില്‍ പരിക്കേറ്റവരുടെ എണ്ണം ആയിരം കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന് പിന്നാലെ 48 ട്രെയിനുകള്‍ റദ്ദാക്കുകയും 39 ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം ഈ റൂട്ടുകളില്‍ സര്‍വീസ് പുനസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം, ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ നാല് മലയാളികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അന്തിക്കാട് കണ്ടശാങ്കടവ് സ്വദേശികളായ നാല് യുവാക്കള്‍ക്കാണ് പരിക്കേറ്റത്. കിരണ്‍, ലിജേഷ്, വൈശാഖ്, രഘു, എന്നിവര്‍ക്കാണ് പരിക്കുള്ളത്.

അന്തിക്കാടുള്ള ഒരു സ്വകാര്യ കരാറുകാരന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി കൊല്‍ക്കത്തയില്‍ പോയി തിരിച്ചുവരവെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. നാല് പേരുടെയും പരിക്ക് സാരമുള്ളതല്ല.

Content Highlights: train accident in odisha, railway signaling error

We use cookies to give you the best possible experience. Learn more