| Saturday, 3rd June 2023, 8:03 am

ഒഡിഷ ട്രെയിനപകടം: മരണം 288 ആയി; 747 പേര്‍ക്ക് പരിക്ക്; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാലസോര്‍: ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 261 ആയെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. 747 പേര്‍ക്കാണ് പരിക്കേറ്റത്. 56 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അപകടസ്ഥലം സന്ദര്‍ശിച്ചു.  അപകടം ഉന്നതാധികാര സമിതി അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. രക്ഷാദൗത്യത്തിലാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷം സര്‍വീസ് പുനസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

എന്‍.ഡി.ആര്‍.എഫ്, ഒ.ഡി.ആര്‍.എ.എഫ്, അഗ്നിരക്ഷാ സേന എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. അപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കുകയും 38 ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിന്‍ അപകടങ്ങളാണ് ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത്.

ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കൊല്‍ക്കത്ത-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്.  കോറമണ്ഡല്‍ എക്‌സ്പ്രസിനാണ് കൂടുതല്‍ അപകടം സംഭവിച്ചത്. ഈ ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. ഇടിയുടെ ആഘാതത്തില്‍ ഈ ട്രെയിനിന്റെ എന്‍ജിനടക്കം അഞ്ച് ബോഗികള്‍ തലകീഴായി മറിയുകയായിരുന്നു.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പടുത്തി. ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഈ അവസരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മോദി അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ദുരന്തസ്ഥലം സന്ദര്‍ശിച്ചു. റെയില്‍വേ മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബാലസോറയിലെ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Content Highlights: train accident in odisha, casuality numbers increases

We use cookies to give you the best possible experience. Learn more