ചെന്നൈ: തമിഴ്നാട്ടിലെ കവരൈപേട്ടയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മൈസൂര്‍-ദർഭംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിട്ടുണ്ട്. ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
8.21ഓടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് നിസാരമായ പരിക്കുകളുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണെന്ന് തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി. പ്രഭുശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്. അടിയന്തര മെഡിക്കൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ട്രെയിന്‍ പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എക്‌സ്പ്രസ് ട്രെയിന്‍ ലൂപ്പ് ലൈനില്‍ പ്രവേശിച്ച് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം 2024 ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം, 17 ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മൂന്ന് റെയില്‍വേ അപകടങ്ങളാണ് രാജ്യം നേരിട്ടത്.
ജൂലൈ 18ന് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി നാല് പേര്‍ മരിച്ചിരുന്നു. 31 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ജൂലൈ21ന് രാജസ്ഥാനിലെ ആല്‍വാറില്‍ മൂന്ന് വാഗണുകള്‍ പാളം തെറ്റിയിരുന്നു. ജാര്‍ഖണ്ഡിലെ ചക്രധര്‍പൂരില്‍ ഹൗറ-സി.എസ്.എം.ടി എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി രണ്ട് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജൂണ്‍ മാസത്തില്‍ ബംഗാളില്‍ സിഗ്നല്‍ മുറിച്ചുകടന്ന ചരക്ക് തീവണ്ടി കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ 15 പേര്‍ മരണപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികള്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും കാഞ്ചന്‍ജംഗയുടെ ഗാര്‍ഡും അപകടത്തില്‍ മരണപ്പെടുകയുമുണ്ടായി.
അടുത്ത വര്‍ഷങ്ങളിലായി നിരവധി ട്രെയിന്‍ അപകടങ്ങളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഇതില്‍ കൃത്യമായ ഉത്തരം പറയാനും നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്രാലയത്തിന്റെ സ്വകാര്യ നയങ്ങളും കരാര്‍ നിയമനങ്ങളും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് വിലയിരുത്തല്‍.
Content Highlight: Train accident in Kavaraipetta