Film News
വീണ്ടും റീമേക്കുമായി അക്ഷയ് കുമാര്‍, ഗസ്റ്റ് റോളില്‍ സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 18, 08:36 am
Tuesday, 18th June 2024, 2:06 pm

ഹിറ്റ് സിനിമകള്‍ റീമേക്ക് ചെയ്യുന്ന പതിവ് നിര്‍ത്താനുദ്ദേശമില്ലാത്ത ബോളിവുഡില്‍ നിന്ന് അടുത്ത റീമേക്ക് ചിത്രം ഒരുങ്ങുന്നു. കൊവിഡ് സമയത്ത് ഒരുപാട് പ്രശംസകളേറ്റുവാങ്ങിയ സൂരറൈ പോട്രാണ് ബോളിവുഡ് റീമേക്കിനൊരുങ്ങുന്നത്. സര്‍ഫിറാ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. സൂരറൈ പോട്ര് സംവിധാനം ചെയ്ത സുധാ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഡെക്കാണ്‍ എയറിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതകഥയായ സിംപ്ലി ഫ്‌ളൈ എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കി 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സൂരറൈ പോട്ര്.

സൂര്യ എന്ന നടന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുള്ള ചിത്രം നിരവധി പ്രശംസകളേറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യ സ്വന്തമാക്കി.

മികച്ച ചിത്രം, സംവിധായിക, നടി, സംഗീത സംവിധാനം എന്നീ വിഭാഗങ്ങളിലെ ദേശീയ അവാര്‍ഡും സൂരറൈ പോട്ര് നേടിയിരുന്നു. 2022ലാണ് ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചത്. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനിയായ അബുന്ദനിറ്റ എന്റര്‍ടൈന്മെന്റ്‌സും സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സര്‍ഫിറാ നിര്‍മിക്കുന്നത്.

തമിഴില്‍ വില്ലന്‍ വേഷത്തിലെത്തിയ പരേഷ് റാവല്‍ തന്നെയാണ് ഹിന്ദിയിലും വില്ലന്‍. നെടുമാരന്‍ രാജാങ്കമായി വിസ്മയിപ്പിച്ച സൂര്യയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. രാധിക മദന്‍, സീമാ ബിശ്വാസ്, ശരത് കുമാര്‍, സൗരഭ് ഗോയല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജി.വി. പ്രകാശ്, തനിഷ്‌ക് ബാഗ്ചി, സുഹിത് അഭയങ്കാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം. ജൂലൈ 12ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Trailer of Soorari Potru remake Sarfira out