| Monday, 20th September 2021, 2:03 pm

ലൈഫില്‍ ഹോപ് എന്ന് പറയുന്ന സംഭവം ഇല്ലാണ്ടായിക്കഴിഞ്ഞാല്‍ എന്താ സംഭവിക്കാന്ന് അറിയോ; ജയസൂര്യയുടെ 'സണ്ണി'യുടെ ട്രെയിലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീം ഒരുക്കുന്ന പുതിയ ചിത്രമായ സണ്ണിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ജയസൂര്യയുടെ മറ്റൊരു മികച്ച പ്രകടനം സിനിമയിലുണ്ടാവുമെന്ന് ട്രെയിലറില്‍ വ്യക്തമാണ്.

രണ്ട് മിനിറ്റോളമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. ജയസൂര്യയുടെ ടൈറ്റില്‍ കഥാപാത്രമല്ലാതെ മറ്റ് കഥാപാത്രങ്ങളൊന്നും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്ന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ ആരാധകര്‍ക്കിടയില്‍ സിനിമയുടെ സസ്‌പെന്‍സ് വര്‍ധിച്ചിരിക്കുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് എന്നതിന്റെ കൃത്യമായ സൂചനയും ട്രെയിലറിലുണ്ട്. മറ്റ് കഥാപാത്രങ്ങളെ ശബ്ദത്തിലൂടെ മാത്രമാണ് ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു മുറിയില്‍ ഒറ്റപ്പെട്ട് കഴിയുന്ന ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രത്തം അനുഭവിക്കുന്ന പ്രതിസന്ധികളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്.

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം സെപ്റ്റംബര്‍ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇന്ത്യയിലും മറ്റ് 240 രാജ്യങ്ങളിലും സ്ട്രീമിംഗിന് ലഭിക്കും.

സിനിമാ കരിയറിന്റെ ഇരുപതാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് ജയസൂര്യ തന്റെ നൂറാം ചിത്രമായ സണ്ണിയുടെ റിലീസ് പ്രഖ്യാപിച്ചത്.

ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന് നിര്‍മിച്ച സണ്ണി ഇരുവരും ഒരുമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നിവയാണ് മുന്‍പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് സിനിമകള്‍.

തന്റെ ജീവിതത്തില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട സണ്ണി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സണ്ണി സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Trailer of Jayasurya movie Sunny released

Latest Stories

We use cookies to give you the best possible experience. Learn more