| Wednesday, 13th December 2017, 2:00 pm

വിമാനത്തിലും ഇന്റര്‍നെറ്റ് സാധ്യമാക്കാനൊരുങ്ങി ട്രായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ആകാശപരിധിയില്‍ വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ട്രായ് അവസരമൊരുക്കുന്നു. ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ. എഫ്.സി) എന്ന ഈ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ അറിയിച്ചു.

ഐ.എഫ്.സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും ശര്‍മ പറഞ്ഞു. ഐ.എഫ്.സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു.

എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് ഇത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ട്രായ് ഐ.എഫ്.സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് അതിനനുസൃതമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും.

അതോടെ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനത്തോടെ ഐ.എഫ്.സി നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം.

We use cookies to give you the best possible experience. Learn more