നെറ്റ് സമത്വം: അഭിപ്രായം അറിയിക്കാന്‍ ഒരാഴ്ച കൂടിസമയം
Daily News
നെറ്റ് സമത്വം: അഭിപ്രായം അറിയിക്കാന്‍ ഒരാഴ്ച കൂടിസമയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2015, 9:46 am

net-nuetrality

ന്യൂദല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള സമയം ഒരാഴ്ചകൂടി നീട്ടി. ജനുവരി 7 വരെയാണ് സമയം നീട്ടിയതെന്ന് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു. നേരത്തെ ഡിസംബര്‍ 30വരെയാണ് സമയം നിശ്ചയിച്ചിരുന്നത്. ഇതുവരെ 16.5 ലക്ഷം പേരാണ് നെറ്റ് സമത്വം ആവശ്യപ്പെട്ട് ട്രായ്ക്ക് സന്ദേശം അയച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് അസമത്വം സൃഷ്ടിക്കുന്ന ഫേസ്ബുക്കിന്റെ “ഫ്രീ ബേസിക്‌സ്” പദ്ധതിക്ക് എതിരായിട്ടാണ് ഇന്റര്‍നെറ്റ് അക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ ട്രായിക്ക് സന്ദേശമയക്കുന്നത്. ചില സൈറ്റുകളിലേക്ക സൗജന്യ പ്രവേശനം അനുവദിക്കുന്ന ഫേസ്ബുക്ക് പദ്ധതിയില്‍ പല വെബ്‌സൈറ്റുകള്‍ക്കും സേവനത്തിന് പണം ഈടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ട്രായിക്ക് ഇക്കാര്യത്തില്‍ “സേവ് ഇന്റര്‍നെറ്റ് ഡോട്ട് ഇന്‍” വഴി പ്രതികരണം അറിയിക്കാം

നെറ്റ് സമത്വത്തിന് ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്ന് ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നതിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായി(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ പുതിയ പതിപ്പായ ഫ്രീ ബേസിക്‌സില്‍ 38 വെബ്‌സൈറ്റുകളാണ് സൗജന്യം. ഇന്റര്‍നെറ്റ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഫ്രീ ബേസിക്‌സിന് അനുകൂലിച്ചുള്ള പ്രതികരണങ്ങള്‍ ലഭിക്കാന്‍ ഫേസ്ബുക്ക് നീക്കം നടത്തിയിരുന്നു.