| Friday, 25th December 2015, 12:13 pm

ഫ്രീബേസിക്‌സ് നടപ്പിലാക്കരുതെന്ന് റിലയന്‍സിന് ട്രായിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഫേസ്ബുക്കിന്റെ “ഫ്രീ ബേസിക്‌സ്” ഇന്ത്യയില്‍ ആരംഭിക്കുന്നതിന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായി(ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) യുടെ വിലക്ക്. ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ പുതിയ പതിപ്പായ ഫ്രീ ബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളാണ് റിലയന്‍സ്. ഫ്രീ ബേസിക്‌സ് ഇന്റര്‍നെറ്റ് സമത്വത്തിന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ട്രായിയുടെ നിര്‍ദേശം.

ഫ്രീബേസിക്‌സ് ഇന്റര്‍നെറ്റ് സമത്വത്തിന് ഭീഷണിയാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമാകും ട്രായി അടുത്ത തീരുമാനമെടുക്കുക.

ചില സൈറ്റുകളിലേക്ക സൗജന്യ പ്രവേശനം അനുവദിക്കുന്ന ഫേസ്ബുക്ക് പദ്ധതിയില്‍ പല വെബ്‌സൈറ്റുകള്‍ക്കും സേവനത്തിന് പണം ഈടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. നിലവില്‍ “ഫ്രീ ബേസിക്‌സ്” സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നും കടുത്ത പ്രചരണമാണ് നടക്കുന്നത്.

ഫേസ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ഫ്രീ ബേസിക്‌സിന് അനുകൂലമായി ട്രായിക്ക് ഇമെയില്‍ അയക്കാനുള്ള സന്ദേശമാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ഫ്രീ ബേസിക്‌സിനെ അനുകൂലിച്ച് സന്ദേശമയച്ചാല്‍ മറ്റുള്ളവര്‍ക്കും നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് സംവിധാനമൊരുക്കിയത്.

അതേ സമയം ഫേസ്ബുക്കിന്റെ കെണി ചൂണ്ടിക്കാട്ടി കൊണ്ട് സേവ് ദ ഇന്റര്‍നെറ്റ്-3 വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയിലെ 130 മില്ല്യണ്‍ വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പറ്റിക്കാനുള്ള നീക്കമാണ് “ഫ്രീ ബേസ്‌ക്‌സ്” ക്യംപെയിനെന്ന് സേവ് ദ ഇന്റര്‍നെറ്റ ചൂണ്ടിക്കാണിക്കുന്നു.

We use cookies to give you the best possible experience. Learn more