| Thursday, 19th October 2017, 5:40 pm

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിന്ന് ജീവിക്കുന്നത് ദോശ മാവ് കുഴച്ചും കടകളില്‍ വിതരണം ചെയ്തും, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമ ഒരു മായികലോകമാണ്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവര്‍ നാളെ വിസ്മൃതിയുടെ പടുകുഴിയിലേക്ക് വീണു പോയേക്കാം. തിരിച്ചും സംഭവിക്കാം. അത്തരത്തില്‍ ഒന്നുമല്ലതായി പോയ ഒരളാണ് നന്ദകുമാര്‍. മമ്മൂട്ടിയടക്കം നിരവധി താരങ്ങളുടെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്ന നന്ദകുമാറിന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള നായകന്‍മാരുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് പണം മുടക്കിയ നന്ദകുമാര്‍ ഇന്ന് ദോശമാവ് കുഴച്ചാണ് ജീവിക്കുന്നത്. സ്വന്തമായി വില്‍പ്പനയും നടത്തുന്നു. മനോരമ ന്യൂസ് ആണ് നന്ദകുമാറിന്റെ ജീവിതം പുറത്തു കൊണ്ടുവന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു തനിയാവര്‍ത്തനം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബിമലയില്‍ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയിലെ ക്ലാസ് ചിത്രങ്ങളിലൊന്നാണ്. ആ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു നന്ദകുമാര്‍.


Also Read: ജയ്പൂര്‍ രാജാവില്‍ നിന്ന് ക്കൈകലാക്കിയ സ്ഥലത്താണ് താജ്മഹല്‍ പണിതത്; തെളിവുകള്‍ കൈയ്യിലുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി


തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. 97ല്‍ നിര്‍മിച്ച “അടിവാര”മെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. നന്ദകുമാര്‍ ഇപ്പോള്‍ ജീവിക്കാനായി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുകയാണ്. നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്. ദേവി ഫുഡ് പ്രൊഡക്ട്‌സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി.

ദോശമാവ് കുഴച്ചു പാക്ക് ചെയ്ത് കടകളില്‍ കൊണ്ടുവില്‍ക്കും. പ്രത്യേക പരസ്യങ്ങളൊന്നുമില്ല. കടക്കാര്‍ പറഞ്ഞുള്ള പരസ്യം മാത്രം. വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോകുന്നുവെന്ന് നന്ദകുമാര്‍ പറയുമ്പോഴും ജീവിതത്തില്‍ എപ്പോഴെങ്കിലും തനിയാവര്‍ത്തനമുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിവയ്ക്കുന്നു ഈ മുന്‍ ഹിറ്റ് നിര്‍മാതാവ്.

Video Stories

We use cookies to give you the best possible experience. Learn more