ന്യൂദല്‍ഹി: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളക്കിടയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി സര്‍ക്കാര്‍ ഉടനടി ധനസഹായം നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തിരക്കില്‍പ്പെട്ട് മരിച്ചവര്‍ക്ക് യു.പി സര്‍ക്കര്‍ ഇതുവരെ മരണ സര്‍ട്ടിഫിക്കറ്റോ പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ലെന്നും മമത പറഞ്ഞു. ചൊവ്വാഴ്ച നബന്നയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.
മരിച്ചവരുടെ കുടുംബങ്ങള്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നതെന്നും പ്രഖ്യാപിച്ച ധനസഹായമെങ്കിലും കൈമാറണമെന്നും മമത പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് യു.പി സര്‍ക്കാര്‍ മൃതദേഹങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചതെന്നും മമത പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് അവകാശപ്പെട്ട് പലര്‍ക്കും ധനസഹായം നിഷേധിച്ചുവെന്ന് മമത മുമ്പ് ആരോപിച്ചിരുന്നു.
കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാത്രമല്ല, ദല്‍ഹിയിലെ ട്രെയിന്‍ അപകടം ഉള്‍പ്പെടെ പരിഗണിക്കണമെന്നും മമത പറഞ്ഞു. നേരത്തെ കുംഭമേളക്കെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെട്ടുവെന്ന് മമത പ്രതികരിച്ചിരുന്നു. മഹാ കുംഭമേളയെ ‘മരണമേള’ എന്നും മമത വിശേഷിപ്പിച്ചിരുന്നു.
വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ തീര്‍ത്ഥാടകരെ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ശരിയായ ആസൂത്രണത്തിന്റെ കുറവ് കുംഭമേളയില്‍ ഉണ്ടായിട്ടുണ്ടെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെ വിഭജിക്കുന്നതിനായി ബി.ജെ.പി സര്‍ക്കാര്‍ മതത്തെ വില്‍ക്കുന്നുവെന്നും മമത വിമര്‍ശിച്ചിരുന്നു.
ജനുവരിയില്‍ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേരാണ് മരിച്ചത്. മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നാണ് യു.പി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.
പിന്നാലെ ദല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്.
ഇതിനുപുറമെ കുംഭമേള നടക്കുന്ന സെക്ടര്‍ 18, 19 മേഖലകളില്‍ തീപിടിത്തവും ഉണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ ജീവഹാനിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുംഭമേളക്കെത്തുന്നവരും പങ്കെടുത്ത് മടങ്ങുന്നവരും ദിവസങ്ങളുടെ വ്യത്യാസത്തില്‍ വാഹനാപകടങ്ങളില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മമത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.
Content Highlight: Tragedy during Kumbh Mela; Even the post-mortem certificate was not given, Mamata said that at least the announced financial aid should be handed over