ന്യൂദൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഇന്ത്യക്കാരെ കടത്തിക്കൊണ്ടുപോയതായി സി.ബി.ഐ റിപ്പോർട്ട്. ചൈനീസ് കൺട്രോൾ സ്‌കാം സെൻ്ററുകളിൽ സൈബർ കുറ്റവാളികളായി പ്രവർത്തിക്കാൻ അവരെ നിർബന്ധിതരാക്കുന്നുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ശരാശരി 7,000 സൈബർ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മിക്ക തട്ടിപ്പുകളുടെയും ഉത്ഭവം മൂന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ കംബോഡിയ, മ്യാൻമർ, ലാവോസ് എന്നിവിടങ്ങളിൽ നിന്നാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജേഷ് കുമാർ പറഞ്ഞു.
മനുഷ്യക്കടത്തിന്റെ ഒരു അന്താരാഷ്ട്ര ശൃംഖലയാണ് ഇതിനു പിന്നിലെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത്തരം തട്ടിപ്പുകൾ കൂടുതലും നടക്കുന്ന ബാങ്കിങ് ,ടെലികോം മേഖലകളിലെ പഴുതുകൾ കണ്ടെത്താനും പരിഹരിക്കുന്നതിനുമായി ടെലികോം മന്ത്രാലയം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി നടത്തിയ നിരവധി മീറ്റിങ്ങുകൾക്ക് ശേഷമാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ താമസിക്കുന്ന സദ്ദാം ഷെയ്ഖിൻ്റെ അനുഭവത്തെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നു.
സദ്ദാമിന് ദക്ഷിണ ഡൽഹി ആസ്ഥാനമായുള്ള ഒരു മാൻപവർ കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രണ്ട് വ്യക്തികളിൽ നിന്ന് വാട്‌സ്ആപ്പ് കോളുകൾ ലഭിക്കുകയായിരുന്നു. അവർ തായ്‌ലൻഡിലെ ജോലിയെക്കുറിച്ച് സദ്ദാമിനെ അറിയിച്ചു. സദ്ദാം പിന്നീട് അവിടെയുള്ള ഓഫീസിൽ സന്ദർശിക്കുകയും അവർക്ക് വിസക്ക് വേണ്ടി പണം കൈമാറുകയുമായിരുന്നു.
തുടർന്ന് സദ്ദാമിനോട് അവർ കൊൽക്കത്തയിൽ എത്താൻ പറയുകയായിരുന്നു. ശേഷം അവിടെ നിന്നും ബാങ്കോക്കിലേക്ക് പോയി. ബാങ്കോക്ക് എയർപോർട്ടിൽ നിന്നും മറ്റൊരു ഏജന്റ് സദ്ദാമിൽ നിന്നും പണം വാങ്ങി. തുടർന്ന് സദ്ദാമിനെ ലാവോസിലേക്ക് കൊണ്ടുപോയി.
പിന്നീട് അദ്ദേഹത്തെ ഗോൾഡൻ ട്രയാംഗിൾ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുപോയി, അവിടെ മറ്റ് ചൈനീസ് ഏജൻ്റുമാർക്കും ഇന്ത്യൻ ഏജൻ്റുമാർക്കും പരിചയപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ വ്യാജ ക്രിപ്‌റ്റോകറൻസി നിക്ഷേപ അവസരങ്ങൾ ഓൺലൈനിൽ വിനിയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ സദ്ദാം നിർബന്ധിതനായി. പിന്നീട് തട്ടിപ്പ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് അദ്ദേഹം ബാങ്കോക്കിലെത്തുകയായിരുന്നു. ശേഷം അവിടെ നിന്ന് ഏപ്രിൽ 19 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.
ഇങ്ങനെ നിരവധി പേരാണ് കബളിക്കപ്പെട്ട് കുറ്റവാളികളായി തീരുന്നത്. ഇത്തരത്തിൽ ചൈനീസ് കാൾ സെന്ററുകളിൽ പ്രവർത്തിക്കേണ്ടി വന്നിട്ടുള്ള 5000ത്തോളം ഇന്ത്യക്കാരുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.