കോഴിക്കോട്: ഗതാഗത നിയമലംഘനത്തിന്റെ പിഴ അടക്കാനുള്ള ഇ-ചലാന്‍ സംവിധാനം വഴി മാത്രം കോഴിക്കോട് സിറ്റി പൊലീസിന് ലഭിച്ചത് 13 ലക്ഷം രൂപ. മൂന്നാഴ്ചക്കിടെയാണ് ഇത്രയും തുക പിഴയായി ലഭിച്ചത്. സെപ്റ്റംബര്‍ 22നാണ് പിഴയടക്കാന്‍ ഇ-ചലാന്‍ സംവിധാനം ആരംഭിച്ചത്. അന്ന് തന്നെ 225 പേരില്‍ നിന്നായി 1,00,750 രൂപ ഈടാക്കിയിരുന്നു.
സെപ്തംബര്‍ 22 മുതല്‍ അയ്യായിരത്തോളം നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരിശോധനകളും നടപടിയും കര്‍ശനമാക്കുമെന്നും നോര്‍ത്ത് ട്രാഫിക് അസി.കമ്മീഷണര്‍ പി.കെ രാജു പറഞ്ഞു.
കറന്‍സിരഹിത നടപടികളുടെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഇ-ചലാന്‍ നടപ്പിലാക്കിയത്. ക്രമക്കേടുകളും പിഴത്തുക കുടിശികയാകുന്നതും തടയാന്‍ ഇ-ചലാന്‍ സഹായകമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.
നിയമം ലംഘിക്കുന്നവര്‍ പിടിയിലാകുന്ന സ്ഥലത്ത് നിന്നും പി.ഒ.എസ് സംവിധാനം വഴിയാണ് പിഴ ഈടാക്കുന്നത്. മുന്‍കാല പിഴകള്‍ കൂടി കണ്ടെത്താനും ഈടാക്കാനും സാധിക്കുന്ന തരത്തിലാണ് ഈ ഓണ്‍ലൈന്‍ സംവിധാനം.
ഇ-പോസ് ഉപകരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും വാഹനത്തിന്റെ നമ്പറും നല്‍കിയാല്‍ ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് ഇതില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇന്റര്‍നെറ്റ് ബാങ്കിംഗോ ഉപയോഗിച്ച് ഓണ്‍ലൈനായി പിഴയടക്കാനുമാകും.
ഹെല്‍മെറ്റില്ലാതെ ബൈക്ക് യാത്ര, മൂന്ന് പേരുടെ ബൈക്ക് യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, അമിത വേഗത, അലക്ഷ്യ ഡ്രൈവിംഗ്, വണ്‍വേ തെറ്റിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും പിഴ ഈടാക്കുന്നത്.
ചെറിയ കുറ്റങ്ങള്‍ക്ക് വരെ മോട്ടോര്‍ വാഹന വകുപ്പ് കനത്ത പിഴ ചുമത്തുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരാതിയുയര്‍ന്നിരുന്നു. മോടി പിടിപ്പിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് നേരെയും സമാന നടപടി സ്വീകരിക്കുന്നതായും പ്രതിഷേധമുണ്ടായിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറിക്കിയ പുതിയ നിയമപ്രകാരം പിഴ വര്‍ധിപ്പിച്ചതാണ് തുക വര്‍ധിക്കാന്‍ കാരണമെന്നും നിയമവിരുദ്ധമായി ആരില്‍ നിന്നും തുക ഈടാക്കുന്നില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.
Content Highlight: Traffic rules violation, Kozhikode City Police collects fine of 13 lakhs within 3 weeks