| Wednesday, 28th July 2021, 1:58 pm

പാരമ്പര്യ വൈദ്യ സമ്പ്രദായങ്ങളും സവര്‍ണ ഹിന്ദുത്വ അജണ്ടയും | ടി.ആര്‍. രമേശ്

ടി.ആര്‍. രമേശ്

ലോകത്തെല്ലായിടത്തും പരമ്പരാഗതമായ ചികിത്സാ സമ്പ്രദായം നിലവിലുണ്ടായിരുന്നു. പല സമൂഹങ്ങളും ഇന്നും അത് പിന്തുടരുന്നുമുണ്ട്. പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്‍ബലത്തിലല്ല നിലനിന്നിരുന്നത്. അനുഭവങ്ങള്‍ പരസ്പരം പങ്കുവച്ചായിരിക്കണം അത് വളര്‍ന്ന് വന്നതും നിലനിന്നതും. അതേസമയം ശാസ്ത്രീയമായ പഠനങ്ങളുടെ (റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ്) അഭാവം പരമ്പരാഗത ചികിത്സയുടെ മേഖലയില്‍ പോരായ്മയായി നിലനില്‍ക്കുന്നുണ്ട്.

ആര്യന്മാരുടെ വരവിന് മുമ്പുള്ള സിന്ധു നദീതട നാഗരിക ജനതയില്‍ നിന്നാണ് ആയൂര്‍വേദവും സിദ്ധയും ഉത്ഭവിച്ചതെന്ന് പലരും സിദ്ധാന്തിക്കുന്നുണ്ട്. സിന്ധു നദീതട നിവാസികളായ ദ്രാവിഡ ജനതയ്ക്ക് ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ആധുനിക സങ്കല്‍പ്പങ്ങളോട് സമാനമായ ധാരണകള്‍ ഉണ്ടായിരുന്നതാകാം അതിന് കാരണം.

ആയൂര്‍വേദത്തിന്റെ ഉത്ഭവം വേദങ്ങളില്‍ നിന്നാണെന്ന് വാദിക്കുന്നവരുമുണ്ട്. എന്തായാലും ആര്യാധിനിവേശത്തിന് ശേഷം സിന്ധു നദീതട നാഗരിക ജനതയുടെ തദ്ദേശീയ ചികിത്സാസമ്പ്രദായങ്ങളെ ഒരു പക്ഷേ, ആയൂര്‍വേദം സ്വാംശീകരിച്ചിട്ടുണ്ടാകാം. എന്തായാലും ബൗദ്ധകാലഘട്ടത്തിലാണ് സിദ്ധ, ആയൂര്‍വേദ, നാടന്‍ എന്നീ ചികിത്സാ സമ്പദായങ്ങള്‍ വിപുലമായത്.

രോഗശാന്തി പാരമ്പര്യം ബുദ്ധനില്‍ കാണാം. ബുദ്ധമതം മാനവിക രോഗശാന്തിയെ അടിസ്ഥാനമാക്കിയിരുന്നു. ജീവിതമെന്നര്‍ത്ഥം വരുന്ന ആയൂര്‍ എന്ന പദവും ശാസ്ത്രം എന്നര്‍ത്ഥം വരുന്ന വേദ എന്ന പദവും ചേര്‍ന്നതാണ് ആയൂര്‍വേദമെന്നാണ് ചരകസംഹിതയുടെ രചിതാവായ ചരകന്‍ പറയുന്നത്.

വാഗ്ഭടന്‍, ചരകന്‍, സുശ്രൂതന്‍, നാഗാര്‍ജ്ജുനന്‍ എന്നിവരാണ് വിവിധ തലങ്ങളില്‍ ആയൂര്‍വേദത്തെ വികസിപ്പിച്ചത്. ഇതില്‍ അഷ്ടാംഗഹൃദയത്തിന്റെ രചയിതാവായ വാഗ്ഭടന്‍ ബുദ്ധമതക്കാരനായിരുന്നു. ആയൂര്‍വേദം സംസ്‌കൃതത്തിലാണ് രചിക്കപ്പെട്ടതെന്നതിനാല്‍ വാഗ്ഭടന്റെ അഷ്ടാംഗ ഹൃദയവും സംസ്‌കൃതത്തിലാണ് രചിക്കപ്പെട്ടത്. ബുദ്ധകാലഘട്ടത്തിലാണ് ആയൂര്‍വേദ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നത്. ബുദ്ധമതം സ്വീകരിച്ച അശോക ചക്രവര്‍ത്തിയാണ് ചികിത്സയ്ക്കായി അക്കാലത്ത് പൊതു ആശുപത്രികള്‍ നിര്‍മിച്ചതും.

ആയൂര്‍വേദത്തിന്റെ പ്രധാന സംഭാവനകളില്‍ ഒന്നാണ് ചരകസംഹിത. ഹൈന്ദവ മതത്തിലെ ദൈവിക വിശ്വാസങ്ങളും വേദങ്ങളിലെ ചില അനുമാനങ്ങളും മൂല്യങ്ങളുമൊക്കെ ചരകസംഹിതയില്‍ കാണാം. ബുദ്ധമതത്തെ തകര്‍ത്ത് ബ്രാഹ്മണിസം അധീശത്വം സ്ഥാപിച്ചതുകൊണ്ടും ആയൂര്‍വേദം സംസ്‌കൃത ഭാഷയില്‍ ആവിഷ്‌കരിക്കപ്പെട്ടതു കൊണ്ടും ഈ ചികിത്സാ രീതികള്‍ ഹൈന്ദവ വരേണ്യ ജാതികളില്‍ ഉറപ്പിക്കപ്പെട്ടു.

പുരാതന ഗ്രീസ്സില്‍ അടിമകള്‍ക്ക് അടിമ ചികിത്സകരും പൗരജനങ്ങള്‍ക്ക് അവരുടെതായ ചികത്സകരുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യയില്‍ ചികിത്സാ സമ്പ്രദായം തന്നെ ജാതിയാടിസ്ഥാനത്തിലായി മാറുകയായിരുന്നു. പല പാരമ്പര്യ ചികിത്സാ രീതികളും പിന്നീട് ജനകീയമാകുന്നത് ഭക്തി പ്രസ്ഥാനങ്ങളുടെ കാലത്താണ്.

ഭക്തി പ്രസ്ഥാനങ്ങള്‍ക്ക് ജാതിയിലും, മതത്തിലും നിറത്തിലുമൊന്നും വിവേചനമുണ്ടായിരുന്നില്ലല്ലോ. ഭക്തി പ്രസ്ഥാനം സമത്വബോധത്തിലധിഷ്ഠിതവുമായിരുന്നു. സിദ്ധ ചികിത്സ ദക്ഷിണേന്ത്യയില്‍ വലിയ പ്രചാരം നേടിയത് ഇക്കാലത്താണ്. ഭക്തി പ്രസ്ഥാനത്തെ ഭയപ്പെട്ട ബ്രാഹ്മണ മേധാവിത്വ ശക്തികള്‍ ഭക്തി പ്രസ്ഥാനത്തെ തന്നെ സ്വാംശീകരിക്കുകയായിരുന്നു. തുടര്‍ന്ന് ബ്രാഹ്മണാധിപത്യം വീണ്ടും ശക്തിപ്പെട്ടു. ആയൂര്‍വേദമടക്കമുള്ള പാരമ്പര്യ ചികിത്സാസമ്പ്രദായങ്ങളില്‍ കൂടുതല്‍ അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഫ്യൂഡല്‍ മൂല്യങ്ങളും കടന്ന് കൂടി.

ആധുനിക ചികിത്സാസമ്പ്രദായത്തിന്റെ വിപരീതം എന്ന നിലയിലാണ് ഇന്ന് ആയൂര്‍വേദമടക്കമുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള്‍ മുന്നോട്ടു പോകുന്നത്. രാംദേവിലൂടെയും മോഹനന്‍ വൈദ്യരിലൂടെയും മറ്റസംഖ്യം വ്യാജന്മാരിലൂടെയും ഇതിന് വമ്പിച്ച ജനപ്രീതിയാണ് കൈവന്നിട്ടുള്ളത്. അതിന് ഒരു കാരണം പാരമ്പര്യത്തെക്കുറിച്ചുള്ള ഹിന്ദുത്വ ശക്തികളുടെ പ്രചാരണമാണെന്ന വസ്തുത ഇവിടെ നിരീക്ഷിക്കപ്പെടാതെ പോകുന്നു. രാംദേവിനെപ്പോലുള്ളവര്‍ക്ക് ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന സവര്‍ണ ഹിന്ദുത്വ ഭരണകൂടത്തിന്റെ അംഗീകാരം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ രാംദേവും മോഹനന്‍ വൈദ്യരും അന്ധവിശ്വാസത്തിന്റേയും യുക്തിരാഹിത്യത്തിന്റേയും പാരമ്പര്യങ്ങളുടെ വക്താക്കളാണ്.

ആയൂര്‍വേദമടക്കമുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ അനുഭവ നിരീക്ഷണത്തെ മാത്രം അടിസ്ഥാനമാക്കി രൂപപ്പെട്ടവയാണ്. ആയൂര്‍വേദം എന്ന ചികിത്സാ ശാഖ ത്രിദോഷങ്ങളുടെ (വാത, പിത്ത, കഫ) അടിസ്ഥാനത്തിലുള്ള അശാസ്ത്രീയമായ ഒരു തത്ത്വത്തെയാണ് പിന്‍പറ്റുന്നത്. അതേസമയം ആയൂര്‍വേദ ചികിത്സാ രീതിയില്‍ ഉപയോഗിക്കുന്ന പരമ്പരാഗത ഔഷധ വിജ്ഞാനം ഒരിക്കലും അങ്ങനെയല്ല. രണ്ടിനേയും രണ്ടായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. മനുഷ്യരാശിയുടെ നൂറ്റാണ്ടുകള്‍ നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ട നിരവധി ഫലപ്രദമായ മരുന്നുകള്‍ ആയൂര്‍വേദ, ചൈനീസ് ഹെര്‍ബല്‍ തുടങ്ങിയ പരമ്പരാഗത ചികിത്സാ രീതികളിലുണ്ട്.

പരമ്പരാഗത മരുന്നുകളിലുള്ള ചികിത്സാ ശേഷിയുള്ള രാസപദാര്‍ത്ഥങ്ങളെ കണ്ടെത്തുകയും അവയുടെ ഫലപ്രാപ്തിയും പാര്‍ശ്വഫലങ്ങളും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള ആധുനികവല്‍ക്കരണ ശ്രമങ്ങള്‍ ആദ്യമായി നടന്നത് ചൈനീസ് ഹെര്‍ബല്‍ മെഡിസിനിലാണ്. 2015 ല്‍ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹമായത് മലേറിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആര്‍ട്ടിമിസിന്‍ എന്ന മരുന്നിന്റെ കണ്ടുപിടിത്തമാണ്.

വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തേക്കാള്‍ മരണകാരണമായി മാറിയ മലേറിയയെ നേരിടാന്‍ ഹോചിമിന്റെ അഭ്യര്‍ത്ഥന പ്രകാരം മാവോ ആരംഭിച്ച ഗവേഷണ പദ്ധതിയായ പ്രൊജക്റ്റ് 523 ആണ് ആര്‍ട്ടിമിസിന്‍ എന്ന മരുന്നില്‍ എത്തിച്ചേര്‍ന്നത്. ചൈനീസ് പാരമ്പര്യ വൈദ്യത്തില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് മരുന്നുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് മലേറിയയ്‌ക്കെതിരേ ഫലപ്രദമായ ആര്‍ട്ടിമിസിന്‍ കണ്ടുപിടിക്കപ്പെടുന്നത്. എന്നാല്‍ വന്യജീവികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളടക്കം നിരവധി അശാസ്ത്രീയ മരുന്നുകളും അതിന്റേതായ തത്ത്വങ്ങളും ഇപ്പോഴും ചൈനീസ് ഹെര്‍ബല്‍ മെഡിസിനും പിന്തുടരുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല.

ആയൂര്‍വേദ ഔഷധങ്ങളിലെ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നതിനും മരുന്ന് ഗവേഷണത്തില്‍ വിവര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിനുമുള്ള ഗവേഷണ പഠനങ്ങള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്. രോഗാണുക്കളടക്കമുള്ള രോഗകാരണങ്ങളെ കുറിച്ച് അറിവില്ലാതിരുന്ന കാലഘട്ടത്തില്‍ രൂപപ്പെട്ട ചികിത്സാ രീതികളില്‍ ഫലശൂന്യങ്ങളായ മരുന്നുകളുമുണ്ട് എന്ന വസ്തുത അംഗീകരിക്കുകയും ആധുനിക ഗവേഷണ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് പരമ്പാരാഗത ഔഷധങ്ങളെ വിധേയമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ പരമ്പരാഗത ഔഷധ വിജ്ഞാനത്തെ മനുഷ്യരാശിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ.

ബാബ രാംദേവ്

എന്നാല്‍ രോഗാണു ശാസ്ത്രമടക്കമുള്ള പഠനശാഖകളെ പോലും ബിരുദ സിലബസില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കാത്ത ഹൈന്ദവ യാഥാസ്ഥിതിക നിലപാടുകളും ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വാണിജ്യവല്‍കരണവും ആയൂര്‍വേദത്തിന്റെ ആധുനികവല്‍ക്കരണത്തിന് തടസ്സമാകുകയാണ്. ആയുര്‍വേദത്തെ ദൈവികമായ ചികിത്സാ സമ്പ്രദായമായി ഉയര്‍ത്തിക്കാട്ടുകയും അതിനെ എല്ലാവര്‍ക്കും ആയൂരാരോഗ്യ സൗഖ്യമുണ്ടായിരുന്ന സനാതന ഹൈന്ദവ ഭൂതകാലമെന്ന വ്യാജ നിര്‍മിതിയില്‍ കൊണ്ടുകെട്ടുകയും ചെയ്യുന്നതിനുള്ള സംഘപരിവാര്‍ ശ്രമങ്ങളും നടക്കുന്നു.

ഇതും ശാസ്ത്രീയ പഠനങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്. ആയൂര്‍വേദത്തിന്റെ ആധികാരികതയ്ക്ക് പോലും രാംദേവുമാരും മോഹനന്‍ വൈദ്യന്മാരും ദുഷ്‌കീര്‍ത്തി ഉണ്ടാക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ആര്യഭട്ടന്റെ നാട്ടില്‍ കൊറോണ ദേവതയെ തുരത്താന്‍ പാത്രം കൊട്ടിയും കൈകൊട്ടിയും നടത്തിയ പ്രതിരോധങ്ങള്‍ നാം കണ്ടതാണല്ലോ. രോഗത്തെ അമാനുഷികതയുമായോ ദേവന്മാരുടെ കോപമായോ കണ്ട പ്രാകൃത ബോധത്തെ ഉപബോധ മനസ്സില്‍ നിന്ന് ഉണര്‍ത്തിവിടുകയാണ് സവര്‍ണ ഹിന്ദുത്വ ശക്തികള്‍ ഇതിലൂടെ ചെയ്യുന്നത്. സവര്‍ണ ഹിന്ദുത്വ ശക്തികളുടെ വൈജ്ഞാനിക മേഖലയോടുള്ള അന്ധമായ വിരോധം കൂടി ഇത്തരം പ്രക്രിയകളി പ്രതിഫലിക്കുന്നുണ്ട്.

അന്ധവിശ്വാസത്തിലധിഷ്ഠിതമായ പാരമ്പര്യരീതികളെ പുനരാനയിക്കാനുള്ള ബ്രാഹ്മണിസത്തിന്റെ വക്താക്കളുടെ ശ്രമമായിട്ടു കൂടി ഇതിനെ കാണണം. ആധുനികതയ്ക്കും ശാസ്ത്രത്തിനും എതിരായി ആയൂര്‍വേദ ചികിത്സയിലും വിശ്വാസങ്ങളുടെയും മിത്തിന്റേയും സ്വാധീനം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഉദാഹരണത്തിന് പഞ്ചഗവ്യഘൃതം എന്ന ഉല്‍പ്പന്നം തന്നെ എടുക്കുക. പശുവിന്‍ പാലും നെയ്യും തൈരും പശുവിന്റെ വിസര്‍ജ്യമായ മൂത്രവും ചാണകവും ചേര്‍ന്ന ഒന്നാണല്ലോ പഞ്ചഗവ്യഘൃതം. അതിലൊക്കെ എന്താണടങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രത്തിന് ഇന്ന് കൃത്യമായി കണക്കാക്കാനാകുമല്ലോ. അത് വെച്ച് അതിന്റെ ഫലപ്രാപ്തിയിലും എന്തുണ്ടാകാനാണ് എന്ന് മനസ്സിലാക്കാനുമാവും.

മോഹനന്‍ വൈദ്യര്‍

മേല്‍പ്പറഞ്ഞ വസ്തു എരുമയുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നെടുത്താലും അതിന് പശുവിന്റേതില്‍ നിന്ന് വ്യത്യാസമൊന്നും കാണാനിടയില്ല. പക്ഷേ, ഇവിടെ പശു എന്നത് മിത്തും വിശ്വാസവുമായി ബന്ധിപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനം. ഈ ഉല്‍പ്പന്നത്തിന്റെ പ്രാധാന്യവും അത് തന്നെ. മാത്രമല്ല, ‘പഥ്യം’ പോലുള്ള മുറകളെടുത്ത് പരിശോധിച്ചാലും സൂക്ഷ്മാര്‍ത്ഥത്തില്‍ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിന്റെ ശുദ്ധാശുദ്ധി ബന്ധങ്ങളുടെ ഇഴകള്‍ അതില്‍ കണ്ടെത്താനാകും.

ഇന്ത്യയില്‍ ആധുനിക ചികിത്സാ സമ്പ്രദായത്തിനെതിരായ ചിന്താഗതികള്‍ക്ക് ബ്രിട്ടീഷ് വിരുദ്ധ സമര കാലഘട്ടത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ ബ്രിട്ടീഷ് വിരുദ്ധതയുമായി ബന്ധിപ്പിച്ചത് ഗാന്ധിജിയാണ്. ഗാന്ധിജിയുടെ വാക്‌സിന്‍ വിരുദ്ധ നിലപാട് ആധുനിക ചികിത്സാ സമ്പ്രദായത്തോടുള്ള നിഷേധാത്മക നിലപാടിന് ഉദാഹരണമാണ്. ഗാന്ധിജിയുടെ യാഥാസ്ഥിതിക നിലപാട് സവര്‍ണഹിന്ദുത്വ ശക്തികള്‍ക്ക് എത്ര മാത്രം പ്രയോജനപ്പെട്ടു എന്ന് ഇപ്പോള്‍ നാം രാംദേവ്മാരിലൂടെയും ഹിന്ദുത്വ ശക്തികള്‍ ഇതിന് കൊടുക്കുന്ന പ്രചാരത്തിലൂടെയും തിരിച്ചറിയുന്നു.

ഒരര്‍ത്ഥത്തില്‍ മഹാമരികള്‍ക്ക് വാക്‌സിന്‍ കണ്ടുപിടിച്ചതും മാറാരോഗങ്ങള്‍ക്കും മറ്റും മരുന്ന് കണ്ടുപിടിച്ചതും മോഡേണ്‍ മെഡിസിന് പൊതുസ്വീകാര്യത ലഭിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. എണ്‍പതുകളില്‍ കേരളത്തില്‍ മോഡേണ്‍ മെസിസിന്‍ ചികിത്സയെ ആശ്രയിച്ചിരുന്നവര്‍ 70 ശതമാനം ആയിരുന്നെങ്കില്‍ 2010ന് ശേഷം അത് 87 ശതമാനമായി വര്‍ധിക്കുകയുണ്ടായെന്ന് ഒരു സന്നദ്ധ സംഘടനയുടെ പഠനത്തില്‍ ചൂണ്ടികാട്ടിയിരുന്നു.

പൊതുജനാരോഗ്യരംഗത്ത് മോഡേണ്‍ മെഡിസിന് ലഭിച്ച സ്വീകാര്യത എങ്ങനെ ലാഭകരമാക്കാമെന്ന് ഗവേഷണം നടത്തിയ ബഹുരാഷ്ട്രകുത്തകള്‍ ആ മേഖലയില്‍ ഇന്ന് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഗവേഷണരംഗത്തും ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ രംഗത്തും ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ കോര്‍പറേറ്റുകള്‍ക് വേണ്ടി കൈയ്യൊഴിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദി ഭരണത്തില്‍ അത് ദ്രുതഗതിയിലായിട്ടുമുണ്ട്.

വൈദ്യശാസ്ത്ര രംഗത്തെ ശാസ്ത്ര, സാങ്കേതിക, പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ബഹുരാഷ്ട്ര കുത്തകളുടെ അധീനതയിലും നിയന്ത്രണത്തിലും ആണ് നടക്കുന്നത്. ഇവിടെ പ്രശ്‌നം ആധുനിക മെഡിസിന്റേയോ വൈദ്യശാസ്ത്രത്തിന്റേയോ അല്ല. പ്രശ്‌നം ഈ രംഗത്തെ കുത്തക മൂലധനാധിപത്യത്തിന്റേതാണ്. മെഡിസിന്‍ അടക്കമുള്ളവയുടെ ഉല്‍പ്പാദനോപാധികള്‍ സാമൂഹ്യവല്‍ക്കരിക്കുന്നതിലൂടെ മാത്രമെ അനാവശ്യമരുന്നുകളുടെ ഉല്‍പ്പാദനത്തേയും ഭീമമായ കൊള്ളയേയും പരിഹരിക്കാനാവു.

ഈ ചരിത്ര പശ്ചാത്തലത്തില്‍ വേണം വൈദ്യശാസ്ത്ര രംഗത്തെക്കുറിച്ച് പൊതുവില്‍ ചര്‍ച്ച ചെയ്യാന്‍. പാരമ്പര്യ ചികിത്സാ രംഗത്ത് പഠന ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇനിയും അത് മുന്നോട്ടു പോകേണ്ടതുണ്ട്. അങ്ങനെ നടന്നാല്‍ മാത്രമെ ആയൂര്‍വേദ ചികിത്സയിലെയടക്കം ഇത്തരം മേഖലയിലെ നെല്ലും പതിരും തിരിച്ചറിയാനും ഗുണകരമായ വശങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയു.

ആയൂര്‍വേദ ചികിത്സാ രംഗത്തെ പഠന ഗവേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്ന് പകരം അതിനെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിന്നും ആരോഗ്യ സപ്ലിമെന്റും സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റും വിപുലപ്പെടുത്താനാണ് വന്‍കിട കമ്പനികള്‍ ഇന്ന് ശ്രമിക്കുന്നത്. പാരമ്പര്യ ചികിത്സയുടെ മഹത്വം വിളമ്പുന്ന സംഘപരിവാര്‍ ഭരണകൂടവും ഇതിന് കാര്യമായ ഒരു പരിഗണനയും നല്‍കിയിട്ടില്ല. എന്ന് മാത്രമല്ല വ്യാജന്മാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സവര്‍ണ ഹിന്ദുത്വ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ പുതിയ മെഡിക്കല്‍ ബില്‍ അശാസ്ത്രീയമായ ചികിത്സാ സമ്പ്രദായത്തിന് ഡോക്ടര്‍ പദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത ചികിത്സാ സമ്പ്രദായത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് ആവശ്യമായ പഠന ഗവേഷണങ്ങള്‍ നടത്താതെ സുവര്‍ണകാല (അങ്ങേയറ്റം വര്‍ണ-ജാതി പീഡനം നിലനിന്ന കാലം) മഹത്വം ഘോഷിക്കുന്നതിലൂടെ ഇനിയും രാംദേവ്മാരും മോഹനന്‍ വൈദ്യര്‍മാരും ശ്രീശ്രീ മാരും ജഗ്ഗി വാസുദേവ്മാരും വിവിധ വേഷങ്ങളില്‍ അവതരിച്ചുകൊണ്ടിരിക്കും.

അതേസമയം രാംദേവിനും മോദിക്കും മോഹനന്‍ വൈദ്യര്‍ക്കും തമ്മിലുള്ള ഒരു വ്യത്യാസമെന്തെന്നാല്‍ പുരാതന ചികിത്സയെക്കുറിച്ചും പുരാതന പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ഉദ്‌ഘോഷിക്കുമ്പോള്‍ തന്നെ മോദിയും രാംദേവും അസുഖം വന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ അഭയം തേടും. എന്നാല്‍ ഇവിടെ മോഹനന്‍ വൈദ്യര്‍ സ്വന്തം വിഢ്ഡിത്വത്തിന്റെ ബലിയാടാകാന്‍ തയ്യാറാവുകയാണ് ചെയ്തത്.

കടപ്പാട്: മറുവാക്ക് മാസിക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Traditional Ayurveda and Hindutva – TR Ramesh Writes

ടി.ആര്‍. രമേശ്

We use cookies to give you the best possible experience. Learn more