| Sunday, 2nd September 2018, 5:27 pm

കറന്‍സി നോട്ടുകള്‍ വഴി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നു റിപ്പോര്‍ട്ടുകള്‍: കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ധനകാര്യമന്ത്രിയോട് വ്യാപാരസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കറന്‍സി നോട്ടുകള്‍ വഴി പടരുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് വ്യാപാരസംഘടനയുടെ കത്ത്. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് നോട്ടുകള്‍ വഴി പല സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും, അതു തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ മന്ത്രാലയം സ്വീകരിക്കണമെന്നും കാണിച്ച് ജയ്റ്റ്‌ലിക്ക് എഴുതിയിട്ടുള്ളത്.

ഈ വിഷയത്തില്‍ നടന്നിട്ടുള്ള പഠനങ്ങളും മാധ്യമറിപ്പോര്‍ട്ടുകളും അടക്കമാണ് സംഘടന മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പുകള്‍ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്കും ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഹര്‍ഷവര്‍ദ്ധനും അയച്ചിട്ടുണ്ട്.

രോഗകാരികളായ അണുക്കള്‍ നോട്ടുകളിലുണ്ടെന്നും അവയുമായുള്ള സമ്പര്‍ക്കം വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുമെന്നും സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ കത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ശ്വാസനാളത്തിലും മൂത്രനാളിയിലുമുണ്ടാകുന്ന അണുബാധ, രക്തദൂഷ്യം, ത്വക് രോഗങ്ങള്‍, മെനിഞ്ചൈറ്റിസ്, കുടല്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നോട്ടുകള്‍ വഴി പിടിപെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: എം.എല്‍.എ ആകുന്നതിന് മുമ്പ് തന്റെ ബാങ്ക് അക്കൗണ്ട് കാലിയായിരുന്നു: പ്രധാനമന്ത്രി

എല്ലാ വര്‍ഷവും ശാസ്ത്ര ജേണലുകള്‍ ഈ വിഷയത്തില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിടാറുണ്ടെങ്കിലും, ഇത്തരമൊരു പൊതുജനാരോഗ്യപ്രശ്‌നത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ആരും കാണുന്നില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി പര്‍വീണ്‍ ഖണ്ഡേല്‍വാള്‍ പറയുന്നു.

വ്യാപാരികളാണ് കറന്‍സി നോട്ടുകളുമായി ഏറ്റവുമധികം സമ്പര്‍ക്കം പുലര്‍ത്തുന്നതെന്നും, റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്ന വസ്തുതകള്‍ സത്യമാണെങ്കില്‍ വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി തീരുമാനത്തിലെത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുന്നോട്ടുവരണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

We use cookies to give you the best possible experience. Learn more