| Wednesday, 14th October 2015, 9:33 pm

കൂലി വര്‍ദ്ധിപ്പിച്ചു; തോട്ടം മേഖലയിലെ ട്രേഡ് യൂണിയന്‍ സമരം പിന്‍വലിച്ചു, തൊഴിലാളികള്‍ക്ക് അതൃപ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ നിരാഹാര സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും പി.എല്‍.സി യോഗത്തില്‍ മിനിമം വേതനം സംബന്ധിച്ച് ധാരണയായതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പുതിയ പാക്കേജിനെ സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

തേയിലത്തൊഴിലാളികളുടെ മിനിമം വേതനം 232 രൂപയില്‍ നിന്നും 301 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ മിനിമം 500 രൂപ വേണം എന്നുള്ളതായിരുന്നു തൊഴിലാളികളുടെ ആവശ്യം. അതേസമയം ഇപ്പോള്‍ ദിവസേന നുള്ളുന്ന 21 കിലോ തേയിലയ്ക്കുപകരം ഇനിമുതല്‍ 25 കിലോ നുള്ളണമെന്നും വ്യവസ്ഥയുണ്ട്.

ഏലം തൊഴിലാളികളുടെ മിനിമം വേതന 267ല്‍ നിന്നും 330ലേയ്ക്കും, റബ്ബറിന്റെ വേതനം 317ല്‍ നിന്ന് 381 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം യോഗത്തില്‍ എടുത്ത ഒരു തീരുമാനങ്ങളില്‍ തൃപ്തിയില്ലെന്ന് പൊമ്പിളെ ഒരുമൈ സമരനേതാവ് ഗോമതി പറഞ്ഞു. തങ്ങള്‍ സമരം നിര്‍ത്തണോ തുടരണോ എന്ന കാര്യത്തില്‍ നാളെയേ തീരുമാനമെടുക്കൂ എന്നും ഗോമതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more