കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. പാല്‍, പത്രവിതരണം, ആശുപത്രികള്‍, ടൂറിസം, ശബരിമല തീര്‍ഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക, ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി പണിമുടക്ക് നടത്തുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ ബി.എം.എസ് ഒഴികെ യൂണിയനുകള്‍ പണിമുടക്കുന്നുണ്ട്. അധ്യാപക സംഘടനകളും സര്‍വിസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ വിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. ട്രെയിന്‍ തടയുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സംസ്ഥാനത്ത് ട്രൈന്‍ തടഞ്ഞിട്ടില്ല.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.റ്റി.യു തുടങ്ങി പത്ത് പ്രധാന ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, കര്‍ഷകര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.
രണ്ട് ദിവസം നീളുന്ന പണിമുടക്ക് ഹര്‍ത്തലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കില്ലെന്നും നിര്‍ബന്ധിച്ച് ആരെയും പങ്കാളികളാക്കില്ലെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി ഒരു തരത്തിലുള്ള ബലപ്രയോഗവും ഉണ്ടാകില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും വ്യക്തമാക്കിയിരുന്നു.