ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചുചേര്‍ക്കുന്ന പ്രീ ബജറ്റ് യോഗം ബഹിഷ്‌കരിച്ച് ട്രേഡ് യൂണിയനുകള്‍. നവംബര്‍ 28ന് നടത്താനിരുന്ന വെര്‍ച്വല്‍ മീറ്റിങ്ങാണ് പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ബഹിഷ്‌കരിച്ചത്.
ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ടി.യു.സി.സി. എസ്.ഇ.ഡബ്ല്യു.എ, എച്ച്.എം.എസ്, സി.ഐ.ടി.യു, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, എ.ഐ.ടി.യു.സി, യു.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകളാണ് യോഗം ബഹിഷ്‌കരിച്ചിരിക്കുന്നത്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയല്ലാതെ നേരിട്ട തന്നെ യോഗം നടത്തണമെന്നും എല്ലാവര്‍ക്കും സംസാരിക്കന്‍ ആവശ്യത്തിന് സമയം നല്‍കണമെന്നുമാണ് യൂണിയനുകള്‍ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യം.
ബജറ്റ് അവതരണത്തിന് മുന്നോടിയായി സാധാരണ ഇത്തരത്തില്‍ വാര്‍ഷിക പ്രീ ബജറ്റ് യോഗങ്ങള്‍ നടത്താറുണ്ട്. വിവിധ രംഗങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും വിദഗ്ധ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത് നടത്തുന്നത്.
വരുന്ന ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട വിഷയങ്ങളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകളും ഈ യോഗത്തില്‍ നടക്കാറുണ്ട്. എന്നാല്‍ നിര്‍മല സീതാരാമന്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന യോഗം അത്തരത്തിലുള്ളതല്ലെന്നാണ് തൊഴിലാളി യൂണിയനുകള്‍ അഭിപ്രായപ്പെടുന്നത്.
‘ഓരോ ട്രേഡ് യൂണിയനും വെറും മൂന്ന് മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് വെറുമൊരു തമാശയാണെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്. അത്തരം വില കുറഞ്ഞ തമാശകള്‍ക്ക് നിന്ന് തരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.
കൊവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റിയ ശേഷവും വീഡിയോ കോണ്‍ഫറന്‍സ് വഴി മീറ്റിങ്ങ് വിളിക്കുന്നതും നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ നവംബര്‍ 28ന് നടത്താനിരിക്കുന്ന യോഗം ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്,’ കേന്ദ്ര സര്‍ക്കാരിന് അയച്ച മറുപടിയില്‍ ഫോറം വ്യക്തമാക്കി.
ഈ വീഡിയോ കോണ്‍ഫറന്‍സ് ഒഴിവാക്കി നേരിട്ട് തന്നെ യോഗം നടത്താന്‍ ധനകാര്യ വകുപ്പ് തയ്യാറാകണമെന്നും അതില്‍ സമയ നിയന്ത്രണങ്ങള്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ച് തുറന്ന സംവാദത്തിന് തയ്യാറാകണമെന്ന് നിര്‍മല സീതാരാമനോടും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Trade Unions boycott pre budget meeting arranged by Minister Nirmala Sitharaman