| Wednesday, 17th January 2024, 8:08 am

ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രഈലിലേക്ക്; ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നതിനുള്ള ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരെ ട്രേഡ് യൂണിയനുകള്‍. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇസ്രഈലില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇരു സംസ്ഥാനങ്ങളിലെയും ട്രേഡ് യൂണിയനുകളും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരുകള്‍ക്കെതിരെ രംഗത്തെത്തി.

ഇസ്രഈലിലെ നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ക്കായി അനുവദിച്ചിട്ടുള്ള സുരക്ഷാ നയങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നതെന്നാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം. കൂട്ടത്തോടെ ഫലസ്തീനി തൊഴിലാളികളെ പിരിച്ചുവിടുന്നത് അവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയില്‍ ആക്കുമെന്നും ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നത് ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.

ചരിത്രപരമായി ഇന്ത്യക്ക് ഫലസ്തീനുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള നയങ്ങളാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ഹിന്ദ് മസ്ദൂര്‍ സഭ അടക്കമുള്ള ട്രേഡ് യൂണിയനുകളും സാമൂഹിക പ്രവര്‍ത്തകരുമാണ് സര്‍ക്കാരുകള്‍ക്കെതിരെ രംഗത്തെത്തിയത്.

ഫലസ്തീനി നിര്‍മാണ തൊഴിലാളികള്‍ക്ക് പകരമായി ഇന്ത്യയില്‍ നിന്നുള്ളവരെ ഇസ്രഈലിലേക്ക് എത്തിക്കാന്‍ ഇസ്രഈലി വിദേശകാര്യ മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോര്‍പറേഷനാണ് തൊഴിലാളികളെ ഇസ്രഈലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേതൃത്വം നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പ്രകാരം 10,000 തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിന്റ വിജയത്തെ അടിസ്ഥാനമാക്കി ഭാവിയില്‍ ഇത് 30,000 ആയി ഉയര്‍ത്തുമെന്നും ധാരണയുണ്ട്.

Content Highlight: Trade Unions Against Uttar Pradesh, Haryana Govts to Protest Sending Indian Workers to Israel

Latest Stories

We use cookies to give you the best possible experience. Learn more