| Wednesday, 9th October 2013, 4:30 pm

പരിസ്ഥിതി സമരവും ട്രേഡ് യൂണിയനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാറ്റ്, മഴ, പൊടി ഇവയുള്ളപ്പോള്‍ സാമ്പിള്‍ പരിശോധന നടത്താന്‍ പാടില്ലെന്നത് ആഗോളമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡമാണ്. മഴപെയ്യുമ്പോള്‍ ഒരു തുറന്ന ടാങ്കില്‍ നിന്നും സാമ്പിളെടുത്താല്‍ മഴവെള്ളം കൊണ്ടുതന്നെ അത് നിര്‍വീര്യമാക്കപ്പെട്ടിരിക്കും. കാതിക്കുടത്ത് അതാണ് സംഭവിച്ചിരിക്കുന്നത്.


എസ്സേയ്‌സ്/ പ്രൊഫ. എം.കെ പ്രസാദ്

[]കാതിക്കുടം വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അപാകതകളെക്കുറിച്ചും ട്രേഡ് യൂണിയന്‍ നുണകളെക്കുറിച്ചും സംസാരിക്കുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. എം.കെ. പ്രസാദ്.

മഴക്കാലത്ത് സാമ്പിള്‍ പരിശോധന നടത്താന്‍ പാടില്ല എന്ന പ്രാഥമികമായ കാര്യം പോലും പരിഗണിക്കാതെയാണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതി പ്രവര്‍ത്തിച്ചിരിക്കുന്നത്.

കാറ്റ്, മഴ, പൊടി ഇവയുള്ളപ്പോള്‍ സാമ്പിള്‍ പരിശോധന നടത്താന്‍ പാടില്ലെന്നത് ആഗോളമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡമാണ്. മഴപെയ്യുമ്പോള്‍ ഒരു തുറന്ന ടാങ്കില്‍ നിന്നും സാമ്പിളെടുത്താല്‍ മഴവെള്ളം കൊണ്ടുതന്നെ അത് നിര്‍വീര്യമാക്കപ്പെട്ടിരിക്കും. കാതിക്കുടത്ത് അതാണ് സംഭവിച്ചിരിക്കുന്നത്.

കമ്പനിയുടെ തുറന്ന രണ്ട് മലിനജല സംഭരണികളില്‍ നിന്നും മഴക്കാലത്ത് അവര്‍ എടുത്തിരിക്കുന്ന സാമ്പിള്‍ ശരിയായ ഫലം കാണിക്കില്ല. വിദഗ്ധ സമിതി പഠനങ്ങള്‍ക്ക് അംഗീകരിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങള്‍ തെറ്റിച്ചിരിക്കുന്നു എന്നുതന്നെ പറയാം.

ഈ സാമ്പിള്‍ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് നാളെ സര്‍ക്കാര്‍ തീരുമാനം വരാന്‍ പോകുന്നതെങ്കില്‍ അത് ജനങ്ങള്‍ക്ക് ഗുണം ചെയ്യില്ല. എല്ലാം അനുവദനീയമായ പരിധിക്കുള്ളില്‍ മാത്രമാണുള്ളതെന്നാണ് ഈ പഠനം പറയുന്നത്. അതുകൊണ്ടുതന്നെ കമ്പനിക്ക് അനുകൂലമായ തീരുമാനമാണ് വരാന്‍ പോകുന്നത്.

വിദഗ്ധ സമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ മിനുട്ട്‌സ് റിപ്പോര്‍ട്ടിനൊപ്പം ഇല്ലാത്തതിനാല്‍ അംഗങ്ങളുടെ തന്നെ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. കൂടാതെ, വിദഗ്ധസമിതി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തിലേക്ക് സമരം ചെയ്യുന്നവരെ വിളിക്കാതിരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് അവര്‍ ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വരണം.

റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചുകൊടുത്തിട്ടുണ്ടാകാം. വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനുള്ള സര്‍ക്കാറിന്റെ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വിയോണ്‍മെന്റ് കമ്മിറ്റിയാണ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രിയോട് പറയേണ്ടത്. സര്‍ക്കാറിന്റെ താത്പര്യത്തിന് എതിരായ ഒരു തീരുമാനം അവര്‍ പറയുമെന്ന് തോന്നുന്നില്ല. മാത്രമല്ല വളരെ നീണ്ട ഒരു പരിപാടിയായിരിക്കും അത്.

 


സമരസമിതി സ്വതന്ത്രമായി പഠനം നടത്താന്‍ തയ്യാറാകാതെ ഒരു കാര്യവുമില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന പഠനങ്ങളെ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് എക്കാലത്തെയും ചരിത്രം.


ചാലിയാര്‍ സമരവുമായി ബന്ധപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് അത്തരമൊരു പഠനത്തിന് മുന്‍കൈയെടുത്തിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്രാസിം കമ്പനിയും പറയുന്ന വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സ്വതന്ത്ര പഠനത്തിന് മുന്‍കൈയെടുത്തത്.

നിയമങ്ങളുണ്ടെങ്കിലും നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളില്ല എന്നതാണ് വ്യവസായിക മലിനീകരണം ഈ രീതിയില്‍ തുടരാനുള്ള കാരണം.

മലിനീകരണത്തെക്കുറിച്ചുള്ള എല്ലാ പരാതികളും ഞങ്ങള്‍ വിശദമായി അന്വേഷിച്ചു. കമ്പനിയുടെ ഉള്ളില്‍ നിന്നും ശരിയായ സാമ്പിള്‍ കിട്ടുന്നതിനായി പല തൊഴിലാളികളും സഹായിച്ചു. കമ്പനിയോട് ചോദിച്ചാല്‍ തരുന്ന സാമ്പിള്‍ ശരിയാകണമെന്നില്ല. കമ്പനി രജിസ്റ്ററില്‍ എഴുതുന്ന ദിവസേനെയുള്ള ടെസ്റ്റ് റിസള്‍ട്ടുകളും വിശ്വസിക്കാന്‍ കഴിയില്ല.

കേരളത്തിന് പുറത്തുള്ള അംഗീകൃത സ്വകാര്യ ലാബുകളിലാണ് ഞങ്ങള്‍ സാമ്പിള്‍ പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കിട്ടേണ്ടിയിരുന്ന ചില വിവരങ്ങള്‍ അവിടെയുള്ള ചില ഉദ്യോഗസ്ഥരുടെ രഹസ്യ സഹായത്തോടെ കിട്ടി. അങ്ങനെ ലഭിച്ച വിവരങ്ങള്‍ വിശദമായി പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടികളൊന്നും എടുത്തില്ല. ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഞങ്ങളുടെ പഠന റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ട് മാവൂര്‍ റയോണ്‍സിനെതിരെ നടപടി വേണമെന്ന് വിധിച്ചു. കമ്പനി ഒരു മാസത്തേക്ക് അടച്ചിട്ടു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ പലതും ഏര്‍പ്പെടുത്തിയ ശേഷമാണ് അവര്‍ക്ക് പിന്നീട് കമ്പനി തുറക്കാന്‍ കഴിഞ്ഞത്.

വിശ്വസിക്കാന്‍ കഴിയുന്ന ഏജന്‍സിയല്ല മലിനീകരണ നിയന്ത്രണ ബോര്‍ഡെന്ന് മനസ്സിലായത് ആ പഠനത്തിനിടയ്ക്കാണ്. വെള്ളത്തിന്റെ ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് 60 ആണെങ്കില്‍ അവര്‍ ആറ് എന്നെഴുതും എന്നതായിരുന്നു ഞങ്ങളുടെ അനുഭവം. കോടതികള്‍ പലപ്പോഴും വിലയ്‌ക്കെടുക്കുന്നത് ഇത്തരം സര്‍ക്കാര്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ്.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് രൂപീകൃതമായ ശേഷം ഇതുവരെ ഒരു കമ്പനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2005ല്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുപ്രീകോടതി എംപവേര്‍ഡ് കമ്മിറ്റി കേരളത്തിലെത്തി.

നിയമങ്ങളുണ്ടെങ്കിലും നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളില്ല എന്നതാണ് വ്യവസായിക മലിനീകരണം ഈ രീതിയില്‍ തുടരാനുള്ള കാരണം.

മലിനീകരണമുണ്ടെന്ന് തെളിഞ്ഞാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏത് കമ്പനിക്കും നോട്ടീസ് അയയ്ക്കുന്നതിനുള്ള അധികാരമുണ്ട്. നിങ്ങളുടെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ശരിയല്ല, അതിനാല്‍ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കാന്‍ പോവുകയാണ് എന്നറിയിച്ചുകൊണ്ടാണ് നോട്ടീസ് അയയ്ക്കുന്നത്.

ഒപ്പം കമ്പനിയെ കുറ്റവിചാരണ ചെയ്യുന്നതിനായി ഒരു ലോവര്‍ കോര്‍ട്ടില്‍ (മുന്‍സിഫ് – മജിസ്ട്രറ്റ് കോടതി) കേസും  ഫയല്‍ ചെയ്യണം. എന്നാല്‍ കമ്പനി ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയും തുടര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് സാധാരണയായി സംഭവിക്കാറുള്ളത്.

വ്യവസായങ്ങള്‍ക്കെല്ലാം അവര്‍ സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിച്ച ശേഷം മാത്രമെ പുഴയിലേക്ക് ഒഴുക്കാനുള്ള അവകാശമുള്ളൂ. ദോഷകരമല്ലാത്ത പരിധിയിലേക്ക് മാലിന്യങ്ങള്‍ എത്തിയോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഇത്തരത്തില്‍ പുറത്തേക്കൊഴുക്കാന്‍ പാടുള്ളൂ.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് രൂപീകൃതമായ ശേഷം ഇതുവരെ ഒരു കമ്പനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. 2005ല്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സുപ്രീകോടതി എംപവേര്‍ഡ് കമ്മിറ്റി കേരളത്തിലെത്തി.

മാരകമായ മലിനീകരണത്തിന് കാരണക്കാരായ 273 വ്യവസായങ്ങളെക്കുറിച്ച് അവര്‍ പഠിക്കുകയും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇത്രയും രൂക്ഷമായ മലിനീകരണം നടക്കുന്നുണ്ടായിരുന്നിട്ടും നിശബ്ദമായിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ കുറ്റവിചാരണ ചെയ്യണമെന്ന് മോണിറ്ററിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറി. അതിന്റെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല.

വ്യവസായങ്ങള്‍ക്കെല്ലാം അവര്‍ സൃഷ്ടിക്കുന്ന മാലിന്യം ശുദ്ധീകരിച്ച ശേഷം മാത്രമെ പുഴയിലേക്ക് ഒഴുക്കാനുള്ള അവകാശമുള്ളൂ. ദോഷകരമല്ലാത്ത പരിധിയിലേക്ക് മാലിന്യങ്ങള്‍ എത്തിയോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഇത്തരത്തില്‍ പുറത്തേക്കൊഴുക്കാന്‍ പാടുള്ളൂ.

ആ നിബന്ധന പ്രകാരമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനികള്‍ക്ക് അനുമതി നല്‍കാറുള്ളത്. ഓരോ ആറുമാസം കഴിയുമ്പോഴും വീണ്ടും പരിശോധന നടത്തിയ ശേഷം ലൈസന്‍സ് പുതുക്കി നല്‍കണം. എന്നാല്‍ മിക്കപ്പോഴും ഈ പ്രാഥമികമായ നിയമം പോലും തെറ്റിക്കപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നത്.

കാതിക്കുടത്തും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. സമരസൗഹാര്‍ദ്ദ നേതാക്കന്മാര്‍ അവിടെ വന്ന് പ്രസംഗിക്കാന്‍ കാണിക്കുന്ന താത്പര്യം ഇത്തരം നിയമലംഘനങ്ങള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് തടയുന്നതില്‍ കാണിച്ചിരുന്നെങ്കില്‍ കാതിക്കുടം പ്രശ്‌നം ഏന്നേ പരിഹരിക്കപ്പെടുമായിരുന്നു.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയെ കുറ്റവിചാരണ ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയച്ചു. ലോവര്‍ കോടതിയില്‍ കേസും കൊടുത്തു. വിധി അവര്‍ക്ക് അനുകൂലമായി വന്നു.

എന്നാല്‍ മലിനീകരണ നിയന്ത്ര നിയമത്തില്‍ ഡയറക്ഷന്‍ എന്ന ഒരുവകുപ്പുണ്ട്. അതുപ്രകാരം, നപടിക്രമം നീട്ടിവയ്ക്കണമെന്നും കമ്പനിക്ക് കുറച്ചൂകൂടെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാറിനോട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നില്‍കാന്‍ അധികാരമുണ്ട്.

അങ്ങനെ ആറുമാസത്തേക്ക് കൂടി ട്രാവന്‍കൂര്‍ ടൈറ്റാറ്റിയത്തിന് പ്രവര്‍ത്തനം തുടരാനുള്ള അനുമതി കിട്ടി. ആറുമാസത്തേക്കുള്ള ആ അനുമതിയുമായാണ് ആറ് വര്‍ഷത്തിലധികമായി കമ്പനി പ്രവര്‍ത്തിക്കുന്നത്.


മലിനീകരണം കാരണമാണ് വ്യവസായശാല പൂട്ടുന്നതെങ്കില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് ട്രേഡ് യൂണിയനുകള്‍ തൊഴില്‍ നഷ്ടമാകുമെന്നും തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നും പറയുന്നത്. ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കിയാണ് ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ അക്രമിക്കുന്നത്.


തൊഴിലാളി യൂണിയനുകള്‍ പരിസ്ഥിതി സമരങ്ങളെല്ലാം തങ്ങള്‍ക്ക് എതിരാണെന്ന നിലപാട് കാതിക്കുടത്തും തുടരുകയാണ്. ഏലൂരിലെ വ്യാവസായിക മലിനീകരണ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോഴെല്ലാം ഞാന്‍ തൊഴിലാളി യൂണിയനുകളുമായി സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരല്ല. തൊഴില്‍ നഷ്ടമാകുമെന്ന അവരുടെ വാദം പൂര്‍ണ്ണമായും ശരിയല്ല.

രണ്ട് സന്ദര്‍ഭത്തില്‍ മാത്രമെ തൊഴിലാളികളെ പുനഃരധിവസിപ്പിക്കാതെ വ്യവസായശാലകള്‍ അടച്ചുപൂട്ടാന്‍ കഴിയൂ. ഒന്ന്, എന്തെങ്കിലും പ്രകൃതി ദുരന്തം നടന്ന് വ്യവസായത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകണം.

രണ്ട്, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഇല്ലാതെയാകണം. ഈ രണ്ട് സന്ദര്‍ഭത്തിലല്ലാതെ വ്യവസായശാലകള്‍ക്ക് തൊഴിലാളികളെ പുനരധിവസിപ്പിക്കാതെ പൂട്ടാന്‍ കഴിയില്ല. മലിനീകരണം കാരണമാണ് വ്യവസായശാല പൂട്ടുന്നതെങ്കില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരും.

മലിനീകരണം കുറയ്ക്കാനുള്ള സാധ്യതകള്‍ മിക്ക വ്യവസായശാലകള്‍ക്കുമുണ്ട്. എന്നാല്‍ അതിന് അവരെ പ്രേരിപ്പിക്കുന്നതിന് പകരം മലിനീകരണം നടത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍ ചെയ്യുന്നത്.

ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് ട്രേഡ് യൂണിയനുകള്‍ തൊഴില്‍ നഷ്ടമാകുമെന്നും തൊഴിലാളികള്‍ പട്ടിണിയിലാകുമെന്നും പറയുന്നത്. ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കിയാണ് ഇപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ അക്രമിക്കുന്നത്. ഏലൂരില്‍ പലരെയും അവര്‍ കള്ളകേസില്‍ കുടുക്കുന്നു. വ്യക്തമായ രാഷ്ട്രീയമില്ലാത്തതിന്റെ പ്രശ്‌നമാണിത്.

മലിനീകരണം കുറയ്ക്കാനുള്ള സാധ്യതകള്‍ മിക്ക വ്യവസായശാലകള്‍ക്കുമുണ്ട്. എന്നാല്‍ അതിന് അവരെ പ്രേരിപ്പിക്കുന്നതിന് പകരം മലിനീകരണം നടത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് തൊഴിലാളി യൂണിയനുകള്‍ ചെയ്യുന്നത്.

മാവൂറില്‍ തന്നെ ആസിഡ് ഹൈഡ്രോളിസിസ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പള്‍പ്പ് ഉണ്ടാക്കിയതുകൊണ്ടാണ് ഇത്രയും മലിനീകരണമുണ്ടായത്. പകരം എന്‍സൈം ഹൈഡ്രോളിസിസ് എന്ന ടെക്‌നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ മലിനീകരണം ഇല്ലാതാക്കാമായിരുന്നു.

എന്നാല്‍ അതിന് ചിലവ് കൂടുതലാണ്. ലാഭം നോക്കുന്നതുകൊണ്ട് മാത്രമാണ് പല വ്യവസായങ്ങളും ഇപ്പോഴും മലിനീകരണം തുടരുന്നത്. അല്ലാതെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല.

തൊഴിലാളികളുടെ കൂടി സുരക്ഷ കണക്കിലെടുത്ത് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനികളോട് ആവശ്യപ്പെടുകയാണ് ട്രേഡ് യൂണിയനുകള്‍ ചെയ്യേണ്ടത്. സി.ഐ.ടി.യു നേതാവ് കെ. ചന്ദ്രന്‍പിള്ളയോടെല്ലാം ഞാന്‍ ഇക്കാര്യം സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേള്‍ക്കാന്‍ തയ്യാറാകില്ല.

കെമിസ്ട്രിയില്‍ ബിരുദമുള്ളയാളാണ് അദ്ദേഹം. കെമിക്കല്‍ ഫാക്ടറികളില്‍ നടക്കുന്ന പ്രക്രിയകള്‍ മലിനീകരണം ഒഴിവാക്കുന്ന തരത്തില്‍ എങ്ങനെ മാറ്റാമെന്ന് ചിന്തിക്കാനുള്ള ശേഷിയുള്ളയാളാണ് ചന്ദ്രന്‍പിള്ള. പക്ഷെ അക്കാര്യം സംസാരിക്കാന്‍ തയ്യാറാകില്ല. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന് കമ്പനികളെ ഇത്തരത്തില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ലോകത്തൊരിടത്തും ഞാന്‍ വേറെ കണ്ടിട്ടില്ല.

കടപ്പാട്: കേരളീയം

വിവിധ സാമൂഹിക വിഷയങ്ങളിലും ജനകീയസമരങ്ങളിലും സജീവ ഇടപെടല്‍ നടത്തുകയും, ബദല്‍ ചിന്തകള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന മാസികയാണ് കേരളീയം. വാര്‍ഷിക വരിസംഖ്യ (12 ലക്കം) : 300 രൂപ. ബന്ധപ്പെടേണ്ട നമ്പര്‍: +91- 974 7062 146

We use cookies to give you the best possible experience. Learn more