വിദേശ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തോടെ ഉയര്‍ന്നുവന്ന പേരാണ് മാഡി ശര്‍മ്മ. യൂറോപ്യന്‍ പ്രതിനിധികള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് ആരാണ് മാഡി ശര്‍മ്മ എന്ന ചോദ്യമുയരുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം താഴ്‌വരയില്‍ എന്തുനടക്കുന്നുവെന്ന് നേരിട്ട് കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അപ്പോഴാണ് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നിഷ്പ്രയാസം കശ്മീരിലേക്ക് എത്തുന്നത്.
മാഡി ശര്‍മ്മയെന്ന വനിതയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്ന വിവരങ്ങള്‍ക്ക് പുറമെ മാഡിയും പ്രധാനമന്ത്രി മോദിയുമായുള്ള ബന്ധമാണ് ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്നത്.
ബ്രസല്‍സ് ആസ്ഥാനമാക്കിയുള്ള വെസ്റ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിമണ്‍സ് എക്കണോമിക് ആന്റ് സോഷ്യല്‍ തിങ്ക് ടാങ്ക് എന്ന എന്‍.ജി.ഒയുടെ നടത്തിപ്പുകാരിയാണ് മാഡി ശര്‍മ്മ. മാഡി ശര്‍മ്മയുടെ ഈ ‘വെസ്റ്റ്’ ആണ് യൂറോപ്യന്‍ പ്രതിനിധികളുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത്. ഐ.ഐ.എന്‍.എസിന്റെ പിന്തുണയോടെയായിരുന്നു ഇത്.
രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചുകൊണ്ട് അയച്ച ഇ മെയിലും പുറത്തുവന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള വി.ഐ.പികളുമായി കൂടിക്കാഴ്ച്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും പ്രതിനിധികള്‍ക്ക് അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മ്മ വാഗ്ദാനം ചെയ്യുന്നത്.
ബ്രിട്ടണില്‍നിന്നുള്ള ലിബറല്‍ ഡെമോക്രാറ്റായ ക്രിസ് ഡേവിസിനെ ക്ഷണിച്ചുകൊണ്ട് മാഡി ശര്‍മ്മ അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നതെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
The invitation to the European MP’s was sent out by someone called Madi Sharma. She promised a ‘prestigious VIP meeting’ with India’s Prime Minister, in addition to the Kashmir trip. (Screenshot of her mail exchange with MEP Chris Davies, released by his office) @OnReality_Checkpic.twitter.com/6giTXCCjaq
യൂറോപ്യന്‍ യൂണിയനിലെ പ്രതിനിധികളെ കാണാന്‍ നരേന്ദ്ര മോദി ആഗ്രഹിക്കുന്നെന്നും ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള പ്രധാനവ്യക്തികളെ കാണാനും ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കാമെന്നും മാഡി ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.
മാലദ്വീപും മാഡിയും യൂറോപ്യന്‍ പ്രതിനിധി സംഘവും
2018ല്‍ മാലദ്വീപിലേക്ക് ഇതേ യൂറോപ്യന്‍ പ്രതിനിധികളെ മാഡി ശര്‍മ്മ ക്ഷണിച്ചിരുന്നു. ഇത് പരിശോധിച്ചാല്‍ മാഡിയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമാവും.
ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ ആയിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചൈനയുമായി നിരവധി വ്യാപാര ബന്ധങ്ങള്‍ യമീന്‍ ഭരണത്തിന്റെ കീഴില്‍ മാലദ്വീപിനുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇന്ത്യയുമായി അടുപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് മുഹമ്മദ് സാലിഹിനോട് യമീന്‍ പരാജയപ്പെട്ടു. യമീന്‍ ചൈനയുമായുണ്ടാക്കിയ കരാറുകള്‍ പുനര്‍വിചിന്തനം ചെയ്യുമെന്നായിരുന്നു സാലിഹിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.
മാഡിയുടെ നേതൃത്വത്തില്‍ മൂന്ന് യൂറോപ്യന്‍ പ്രതിനിധികളായിരുന്നു ഈ തെരഞ്ഞെടുപ്പ് സമയത്ത് ദ്വീപിലുണ്ടായിരുന്നത്. തോമസ് ദെസ്തയോവ്‌സ്‌കി, മരിയ ഗബ്രിയേല, റൈസാഡ് ഷര്‍നെസ്‌കി എന്നവരായിരുന്നു അവര്‍. ഇവരില്‍ ദെസ്തയോവ്‌സ്‌കിയും ഷര്‌നെസ്‌കിയും കശ്മീരിലേക്കുള്ള യൂറോപ്യന്‍ ടീമിലുണ്ട്.
മാലദ്വീപിലെ സ്ഥിതിഗതികള്‍ അത്യയധികം രൂക്ഷമാണെന്ന് അന്ന് ഈ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് മാലദ്വീപ് അംബാസിഡര്‍ ഇ.യു അഹമ്മദ് ഷിയാന്‍, യൂറോപ്യന്‍ പാര്‍മെന്റ് പ്രസിഡന്റിന് ഇവരുടെ സന്ദര്‍ശനത്തില്‍ പരാതിപ്പെട്ട് കത്ത് നല്‍കി. ഇവര്‍ ടൂറിസറ്റ് വിസയിലാണ് ദ്വീപിലെത്തിയതെന്നായിരുന്നു അദ്ദേഹം പരാതിയില്‍ ഉന്നയിച്ചത്.
എന്നാല്‍, പ്രതിനിധികളുടെ സന്ദര്‍ശനം വ്യക്തിപരമാണെന്നും ഔദ്യോഗിക യാത്രയല്ലെന്നുമാണ് മാലദ്വീപിന്റെട പരാതിക്ക് മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയിറക്കിയത്. പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തിലും ഇതേ പ്രസ്താവനയാണ് യൂറോപ്യന്‍ യൂണിയന്‍ വക്താവ് നല്‍കിയിരിക്കുന്നത്. എന്നാല്‍, മാഡിയുടെ നേതൃത്വത്തില്‍ മാലിദ്വീപില്‍ നടന്നത് ഔദ്യാഗിക സന്ദര്‍ശനമാണെന്ന് ദെസ്തയോവ്‌സ്‌കിയുടെ ഓഫീസിനെ ഉദ്ധരിച്ച് മാല്‍ദീവ്‌സ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പോളണ്ടിലെ ഭരണകക്ഷിയും വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുമായ പ്രാവോയുടെ പ്രവര്‍ത്തകനാണ് ഷര്‍നെസ്‌കി. കുടിയേറ്റ വിരുദ്ധതയും ഇസ് ലാമോ ഫോബിയയും കൊണ്ടുനടക്കുന്നവരാണ് പ്രാവോ.
2015 മുതല്‍ മാഡിയും ഐ.ഐ.എന്‍.എസും സഫ്ദര്‍ജങ് എന്‍ക്ലേവും കശ്മീരിനെ ലക്ഷ്യമിടുന്നുണ്ടായിരുന്നെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015ല്‍ ഇവര്‍ മൂന്നും ചര്‍ച്ചകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലും ലഭ്യമാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയുടെ വഴികള്‍ ആരാഞ്ഞ് മാഡി, ഷര്‍നെസ്‌കിയുമായും ഐ.ഐ.എന്‍.എസ് ഡയറക്ടര്‍ ജനറല്‍ പ്രമീള ശ്രീവാസ്തവയുമായും ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അന്താരാഷ്ട്ര വ്യാപാര പ്രമുഖയെന്ന് സ്വയം വിശേഷിപ്പിച്ച മാഡി ശര്‍മ്മ, യൂറോപ്യന്‍ എക്കണോമിക് ആന്റ് സോഷ്യല്‍ കമ്മിറ്റിയിലും (ഇ.ഇ.എസ്.സി) അംഗമാണ്. സ്ത്രീ സംരംഭകത്വത്തില്‍ പ്രാസംഗികയും വിദഗ്ധയുമെന്നാണ് അവിടെ മാഡി വിശേഷിപ്പിക്കപ്പെട്ടത്. യൂറോപ്യന്‍ യൂണിയനേയും പൗരസമൂഹത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലമായിട്ടാണ് ഇ.ഇ.എസ്.സി പ്രവര്‍ത്തിക്കുന്നത്.
ശ്രീവാസ്തവ ഗ്രൂപ്പിന്റെ ഇ.പി ടുഡേ എന്ന പ്രസിദ്ധീകരണത്തില്‍ മാഡിയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. 2019 സെപ്തംബര്‍ 14ന് മാഡി ഇ.പി ടുഡേയില്‍ എഴുതിയ ലേഖനം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരി സ്ത്രീകളുടെ വിജയവും വെല്ലുവിളിയും’ എന്ന വിഷയത്തിലായിരുന്നു.
കൂടാതെ, മാഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള വ്യക്തിയാണ് എന്നതിനും തെളിവുകളുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി ദല്‍ഹിയിലെത്തിയ മാഡി ഇ.ഇ.എസ്.സിയുടെ മുന്‍ അധ്യക്ഷന്‍ ഹെന്റി മലോസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ മോദിയെയും സന്ദര്‍ശിച്ചു.
മലോസെയുടെ വോക്കല്‍ യൂറോപ്പ് എന്ന പത്രം മലോസെയും മാഡിയുമൊന്നിച്ചുള്ള ചിത്രം തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നെടുത്ത ഇതേ ചിത്രമാണ് പി.ഐ.ബി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
അന്താരാഷ്ട്ര ബിസിനസ് ബ്രോക്കറായ മാഡി ശര്‍മ്മയ്ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യങ്ങളിലടക്കം എങ്ങനെ ഇടപെടാന്‍ കഴിയുന്നു എന്നതാണ് ഇപ്പോഴും ഉയരുന്ന ചോദ്യം. യൂറോപ്യന്‍ യൂണിയന്‍ എം.പിമാരെ ക്ഷണിക്കാന്‍ മാഡി ശര്‍മയെ ആരാണ് ചുമതലപ്പെടുത്തിയതെന്ന കാര്യവും വ്യക്തമല്ല.
സംഘം വ്യക്തിപരമായാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രവും ആവര്‍ത്തിക്കുന്നത്. എന്നാല്‍, പ്രതിനിധികളെ കാണാന്‍ മോദി ആഗ്രഹിക്കുന്നുണ്ടെന്നും ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന് അവസരമൊരുക്കാമെന്നും മാഡി ശര്‍മ്മ വ്യക്തമാക്കുന്ന ഇ മെയില്‍ ഈ വാദത്തെ ചോദ്യം ചെയ്യുകയാണ്.