| Tuesday, 19th February 2019, 11:30 pm

പ്രളയാനന്തര കേരളത്തില്‍ പ്രസക്തിയേറുന്ന  മുത്തങ്ങയുടെ മുദ്രാവാക്യങ്ങള്‍...

ഷഫീഖ് താമരശ്ശേരി

ഭൂമിയ്ക്കും നീതിയ്ക്കും വേണ്ടി സമരം ചെയ്ത വയനാട്ടിലെ ആദിവാസികളെ നമ്മുടെ ഭരണകൂടം വെടിയുണ്ടകള്‍ കൊണ്ട് കീഴ്പ്പെടുത്തിയതിന്റെ ഓര്‍മ്മ ദിവസമാണിന്ന്. ഇന്നേക്ക് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങയില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസിജീവനുകള്‍ രക്തത്തില്‍ കുതിര്‍ന്നത്. മുത്തങ്ങ എന്നത് ഇന്ന് കേവലം ഒരു സ്ഥലനാമമല്ല. നീതിക്ക് വേണ്ടി സമരം ചെയ്ത ഒരു ജനതയോട് ഭരണകൂടം ചോരകൊണ്ട് പ്രതികാരം തീര്‍ത്ത ഇടംകൂടിയാണ്. അതിനപ്പുറം കേരളത്തിലെ ആദിവാസി ഭൂസംഘര്‍ഷങ്ങളുടെ പ്രതീകമാണ് മുത്തങ്ങ.

തങ്ങളുടെ പരമ്പരാഗത ഭൂമിയില്‍ നിന്നും പിഴുതെറിയപ്പെട്ട കേരളത്തിലെ ആദിവാസി ജനത സംഘടിതമായി നടത്തിയ ആദ്യ പോരാട്ടം കൂടിയായിരുന്നു മുത്തങ്ങയില്‍ നടന്നത്. പുഴയോരങ്ങളിലെയും പുറമ്പോക്കുകളിലെയും മലയിടുക്കുകളിലെയും കോളനിജീവിതം ദുസ്സഹമായപ്പോഴാണ് തങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുവേണമെന്ന ആവശ്യം വയനാട്ടിലെ ആദിമ ജനത ഉയര്‍ത്തിയത്. സ്വസ്ഥവും സുരക്ഷിതവുമായ, കൃഷിയും മറ്റ് ഉപജീവനവും സാധ്യമായ ഭൂമി വേണമെന്ന ആദിവാസികളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ വന്നപ്പോഴാണ് അവര്‍ പുഴയോരങ്ങളില്‍ കുടിലുകള്‍ കെട്ടാന്‍ നിര്‍ബന്ധിതരായത്. അതുകൊണ്ട് തന്നെ വെള്ളപ്പൊക്കമെന്നത് കബനിയുടെയും ബാവലിയുടെയും കാരാപ്പുഴയുടെയും തീരത്തെ ആദിവാസി കുടിലുകള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നില്ല. എല്ലാ പേമാരിക്കാലത്തും പുഴകള്‍ കര കവിഞ്ഞൊഴുകാറുള്ളത് അവരുടെ കൂരകള്‍ക്ക് നടുവിലൂടെ തന്നെയാണ്. എല്ലാ കൊല്ലത്തെയും മഴക്കാലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളാണവര്‍. അടുത്ത മഴയ്ക്കു മുന്നെ മാറ്റിപ്പാര്‍പ്പിക്കാമെന്ന അധികാരികളുടെ പൊള്ളയായ വാക്കുകള്‍ വിശ്വസിച്ച് തിരിച്ചുപോരേണ്ടി വരുന്നവര്‍. പലപ്പോഴും അവരുടെ പ്രതീക്ഷകളുടെ ആയുസ്സ് ഒരു മഴക്കാലം മുതല്‍ അടുത്ത മഴക്കാലം വരെ മാത്രമാകാറാണ് പതിവ്.

ആഗസ്ത് മാസത്തിലെ വള്ളപ്പൊക്കം പക്ഷേ, പതിവുപോലെയായിരുന്നില്ല. ശക്തമായ കുത്തൊഴുക്കില്‍ ഗതിമാറിയൊഴുകിയ പുഴ പുതിയ വഴികള്‍ കണ്ടെത്തിയത് അവരുടെ ഊരുകള്‍ക്ക് നടുവിലൂടെയാണ്. പുഴയെയും ഊരുകളെയും വേര്‍തിരിച്ചു നിര്‍ത്തിയ മണ്‍തിട്ടകള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. പുഴയ്ക്കും പുഴയോരത്തിനുമിടയില്‍ ഇപ്പോള്‍ അതിരുകളില്ല. വയനാടന്‍ മലകളില്‍ മഴപെയ്യുന്ന ഒരു രാത്രിയിലും ഭയരഹിതമായി ഉറങ്ങാന്‍ സാധിക്കാത്ത രീതിയിലാണ് ഇന്ന് പുഴയോരക്കോളനികളിലെ ആദിവാസി ജീവിതം. പുഴ ഏതു നിമിഷവും അവരുടെ കൂരകളിലേക്കിരച്ചുകയറിയേക്കാം. സുരക്ഷിതമായ ഭൂമി ലഭിക്കാതെ ഈ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമേയല്ല. വയനാടിന്റെ വിശാലതകളില്‍ അതിരുകളില്ലാത്ത ഭൂമിയുടെയും വിഭവങ്ങളുടെയും അധിപരായി ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന് പുറമ്പോക്കുകളിലിരുന്ന് അവരുടെ നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് ചോദിക്കുകയാണ്. മണ്ണിന് വേണ്ടി ആദിവാസികളെന്തിന് സമരം ചെയ്തുവെന്ന് ഈ പ്രളയകാലത്തെ കാഴ്ചകള്‍ നമ്മോട് പറയും. ആദിവാസികള്‍ കാടുകളിലും പുഴയോരങ്ങളിലും കഴിയേണ്ടവരാണെന്ന വരേണ്യവും കാല്പനികവുമായ തീര്‍പ്പുകള്‍ക്കുള്ള മറുപടി പ്രളയാനന്തരകോളനികളുടെ ഇന്നത്തെ ചിത്രത്തിലുണ്ട്. പ്രളയജലത്തോടൊപ്പം പാതിയൊലിച്ചുപോയ വയനാട്ടിലെ ആദിവാസി കോളനികള്‍ ഒരു രാഷ്ട്രീയം പറയുന്നുണ്ട്. പതിനാറ് വര്‍ഷള്‍ക്ക് മുത്തങ്ങയിലുയര്‍ന്ന ഭൂമിയുടെ രാഷ്ട്രീയം തന്നെയാണത്. കൃഷി ചെയ്യാനും കിടന്നുറങ്ങാനും ആദിവാസികള്‍ക്ക് ഭൂമിവേണമെന്ന ആവശ്യം

പാതിയൊലിച്ചുപോയ ചാലിഗദ്ദ

കബനിയുടെ തീരത്ത് കുറുവാ ദ്വീപിനോട് ചേര്‍ന്നാണ് ചാലിഗദ്ദ കോളനി. മുത്തങ്ങയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ കോളനി. ജോഗിയോടൊപ്പം അന്ന് സമരത്തില്‍ പങ്കെടുത്ത് പോലീസുകാരുടെ അടിയേറ്റ് എല്ലൊടിഞ്ഞ, പിന്നീട് ഊരില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ പോയ കുറേ കാരണവന്‍മാര്‍ ചാലിഗദ്ദയില്‍ ഇന്നുമുണ്ട്. മര്‍ദനത്തിന്റെ തീവ്രതമൂലം അധികം വൈകാതെ മരണത്തിന് കീഴടങ്ങിയവര്‍ വേറെയും.അടിവയറ്റില്‍ ബൂട്ടുകാലുകളുടെ ചവിട്ടേറ്റ് പിടഞ്ഞവരും, കുഞ്ഞുങ്ങളെയും കൊണ്ട് ഭയന്നോടി കാടിനകത്ത് ദിവസങ്ങളോളം ഒറ്റപ്പെട്ട് പോയവരുമായ അമ്മമാര്‍ മുലയൂട്ടി വളര്‍ത്തിയതാണ് ഇന്നത്തെ ചാലിഗദ്ദയെ. മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ശബ്ദം ചാലിഗദ്ദയുടെ ചരിത്രത്തില്‍ മുഴങ്ങാതെ കേള്‍ക്കാം. ഇതേ ചാലിഗദ്ദയില്‍ തന്നെയാണ് പ്രളയം ദാരുണമായ ദുരന്തങ്ങള്‍ വിതച്ചതും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷേമ സന്നാഹങ്ങളുമായെത്തിയ ഉദ്യോഗസ്ഥരോടും സന്നദ്ധപ്രവര്‍ത്തകരോടും ചാലിഗദ്ദ പറഞ്ഞത് ഒരെയൊരു കാര്യമാണ്. തങ്ങള്‍ക്ക് ഭൂമി തിരിച്ചു വേണമെന്ന്.

വയനാട്ടിലെ ആദിവാസി ഭൂസംഘര്‍ഷങ്ങളുടെ ചരിത്രം

വയനാടന്‍ സംസ്‌കാരത്തിന്റെ ഭൂതകാല ചരിത്രങ്ങളിലും ആ ഭൂമികയെ സംബന്ധിച്ച ഐതിഹ്യങ്ങളിലും ഗോത്രജനതയുടെ അടിവേരുകള്‍ നമുക്ക് കാണാനാകും. സമ്പദ്‌സമൃദ്ധമായ സംസ്‌കൃതികളോടു കൂടി ജീവിച്ചിരുന്ന ഈ വിഭാഗമാണ് ഇന്ന് പുറമ്പോക്കുകളിലെയും പുഴയോരങ്ങളിലെയും അഭയാര്‍ത്ഥികളായി മാറിയത്. വയനാടന്‍ വനപ്രാന്തങ്ങളിലും മലവാരങ്ങളിലും ചാമയും മുതിരയും തൊണ്ടിയും വെളിയനും വിതച്ച് വിശാലമായ ഭൂമിയുടെ അധിപരായി കഴിഞ്ഞവരെ ഇന്നത്തെ ഈ സ്ഥിതിയിലേക്ക് തള്ളിവിട്ടത് വയനാടിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പരിവര്‍ത്തനങ്ങളാണ്.

വൈദേശികാധിപത്യകാലത്ത് തന്നെ ബ്രിട്ടീഷ് വനനിയമങ്ങളില്‍ പൊറുതിമുട്ടിയ ഗോത്രജനത മണ്ണിനും വനവിഭവങ്ങള്‍ക്കും വേണ്ടിയുള്ള സമരങ്ങള്‍ ആരംഭിച്ചിരുന്നു. കൊളോണിയല്‍ ഭരണകൂടങ്ങളുടെ വനമേഖലയിലേക്കുള്ള കടന്നുകയറ്റം, ഏകവിളത്തോട്ടങ്ങളുടെയും നാണ്യവിളകളുടെയും വ്യാപനം, വ്യാപകമായ വന്യജീവിവേട്ട, ഇവയെല്ലാം സാരമായി ബാധിച്ചിരുന്നത് വനത്തെ മാത്രം ആശ്രയിച്ചുപോന്ന ആദിമജനതയുടെ ജീവിതത്തെ തന്നെയാണ്.

ഐക്യകേരള രൂപീകരണത്തിന് ശേഷവും ആദിവാസികളുടെ സ്ഥിതി ഒട്ടും വ്യത്യസ്മായിരുന്നില്ല. കുടിയേറ്റവും കയ്യേറ്റവും സാമൂഹ്യവനവത്കരണ പദ്ധതികളും വരേണ്യമാതൃകയിലുള്ള വനസംരക്ഷണ രീതികളും വിവിധ വികസന പദ്ധതികളും ഒക്കെയായി അവര്‍ വീണ്ടും വീണ്ടും ഓരങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ടു.

കന്നഡനാട്ടില്‍ നിന്നും ആദ്യമായെത്തിയ പ്രഭുക്കന്‍മാര്‍, കോട്ടയം രാജാക്കന്മാരുടെ കീഴില്‍ വന്ന നാടുവാഴികള്‍, വിളകള്‍ക്ക് വേണ്ടി വന്ന് പിന്നീടവിടുത്തെ അധിപരായി മാറിയ വെള്ളക്കാര്‍, അവരുമായി കച്ചവടത്തിന് വന്ന മുസ്ലിങ്ങള്‍, തിരുവിതാംകൂറില്‍ നിന്നും കുടിയേറി വന്ന കൃസ്ത്യാനികളും നായന്മാരും, ഇങ്ങനെ പല കാലങ്ങളില്‍, പല ദൗത്യങ്ങളും പ്രേരണകളുമായി മലകയറിവന്ന സംഘടിത കുടിയേറ്റങ്ങളാണ് ഇവിടത്തുകാരായ ഗോത്രസമൂഹത്തെ മലഞ്ചെരിവുകളിലെയും പുഴയിറമ്പുകളിലെയും തുണ്ടുഭൂമികളിലെത്തിച്ചത്. ഇന്ന് കൃഷി ചെയ്യാനോ കാലി വളര്‍ത്താനോ പോയിട്ട് മരിച്ചാല്‍ ശവമടക്കാന്‍ പോലും ആദിവാസികള്‍ക്ക് സ്വന്തമായി ഒരിഞ്ച് ഭൂമിയില്ല. പ്രാചീനകാലത്ത് വിശാലമായ ഭൂമിയുടെയും സംസ്‌കൃതിയുടെയും അധിപരായിരുന്ന വയനാട്ടിലെ ആദിമ ജനത, ആധുനിക കാലത്തെ അടിമകളായി മാറിയിരിക്കുന്നു.

ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളുടെ തുടക്കം

ആദിവാസികള്‍ക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാന്‍ 1975 ല്‍ “ആദിവാസിഭൂസംരക്ഷണനിയമം” വന്നെങ്കിലും അത് നടപ്പിലാക്കാന്‍ നമ്മുടെ സര്‍ക്കാറുകള്‍ തയ്യാറായില്ല. 75 ലെ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി സമരങ്ങള്‍ ആരംഭിക്കുന്നതോടുകൂടിയാണ് കേരളത്തിലെ ആദിവാസി ഭൂപ്രക്ഷോഭങ്ങള്‍ക്ക് പുതിയ ദിശാബോധം രൂപപ്പെടുന്നത്. ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ശക്തമായ പിന്‍ബലം ഉണ്ടായിരുന്നിട്ടുപോലും ആദിവാസി സ്വയംഭരണം, ഭൂസംരക്ഷണം എന്നിവ ഒരിക്കല്‍ പോലും കേരളത്തില്‍ ചര്‍ച്ചായായിരുന്നില്ല. ആദിവാസികള്‍ അവരുടെ ഭൂമി തിരിച്ചുപിടിക്കാനായി ആരംഭിച്ച സമരങ്ങളിലൂടെയാണ് സി.കെ ജാനുവിനെപ്പോലുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നുവന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടുവന്ന ആദിവാസി ഭൂപ്രക്ഷോഭങ്ങളെ ഏകോപിപ്പിച്ച് മുന്നേറുന്നതിനായി സി.കെ ജാനു, ഗീതാനന്ദന്‍ എന്നിവരുടെ മുന്‍കൈയില്‍ ഗോത്രമഹാസഭ എന്ന സംഘടനയും രൂപപ്പെട്ടു.

തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരളത്തിലുടനീളം ആദിവാസിമേഖലകളിലുണ്ടായ ഭീകരമായ പട്ടിണിമരണത്തെത്തുടര്‍ന്നാണ് 2001 ല്‍ ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരമാരംഭിക്കുന്നത്. 2001 ഒക്ടോബര്‍ മാസം 16 ന് അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയെത്തുടര്‍ന്ന് കുടില്‍കെട്ടി സമരം അവസാനിച്ചെങ്കിലും ആദിവാസികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ ഭൂവിതരണം സാധ്യമാക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചതിനാലാണ് ഗോത്രമഹാസഭ സമരം അവസാനിപ്പിച്ചത്. എന്നാല്‍ സമരമവസാനിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. ഒടുവില്‍ ഗോത്രമഹാസഭയുടെ മുന്‍കൈയില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂരഹിതരായ ആദിവാസികള്‍ സമരത്തിന് തയ്യാറെടുത്തു. 2003 ജനുവരി മൂന്നിന് നൂറുകണക്കിന് കുടുംബങ്ങള്‍ മുത്തങ്ങയിലെ വനഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 700ഓളം കുടിലുകളിലായി 2000ത്തോളം ആദിവാസികള്‍ സമരഭൂമിയില്‍ നിലയുറപ്പിച്ചു. സമരമാരംഭിച്ച് ഏതാണ്ട് ഒന്നരമാസം പിന്നിട്ടപ്പോള്‍, ഫെബ്രുവരി 19 ന് വലിയ പോലീസ് സന്നാഹങ്ങള്‍ ആദിവാസികളെ ഒഴിപ്പിക്കുന്നതിനായി സ്ഥലത്തെത്തി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വെടിയുതിര്‍ത്തു. പ്രദേശം സംഘര്‍ഷഭരിതമായി.

സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിരവധി പേര്‍ മൃഗീയമായ പോലീസ് മര്‍ദ്ദനത്തിനിരകളായി. അവരുടെ കുടിലുകള്‍ പോലീസുകാര്‍ ചുട്ടുചാമ്പലാക്കി. സ്ത്രീകളെയും വൃദ്ധരെയും അടക്കം അറസ്റ്റ്ചെയ്ത് കസ്റ്റഡിമര്‍ദ്ദനത്തിരിയാക്കി ജയിലിലടച്ചു. പിഞ്ചുകുഞ്ഞുങ്ങളെ വരെ ജുവനൈല്‍ ഹോമിലടക്കുകയാണുണ്ടായത്. ഒരു ജനാധിപത്യരാജ്യത്തെ നീതിന്യായവ്യവസ്ഥയ്ക്ക് അങ്ങേയറ്റം അപമാനകരമാണിത്. കേരളചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലായിരുന്നു മുത്തങ്ങയില്‍ അരങ്ങേറിയത്. ക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റ നിരവധി പേര്‍ നിവര്‍ന്നുനില്‍ക്കാന്‍ പോലും കഴിയാതെ പിന്നീടുള്ള കാലങ്ങളില്‍ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. രാഷ്ട്രീയകേരളം അതിന്റെ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ച് നടപ്പിലാക്കിയ ഒരു വംശഹത്യയുടെ ഇന്നും അതിജീവിച്ചിട്ടില്ലാത്ത ഇരകളെ വയനാട്ടിലെ മിക്ക ആദിവാസി ഊരുകളിലും കാണാം.

വിചാരണയിലെ ഇരട്ടനീതി

വെടിവെപ്പിനും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ ജോഗി എന്ന ആദിവാസിയും വിനോദ് എന്ന പോലീസുകാരനും കൊല്ലപ്പെട്ടു. എന്നാല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടേത് ദുരൂഹമരണമാണെന്നാണ് പോലീസുകാര്‍ രേഖപ്പെടുത്തിയത്. അതേ സമയം പോലീസുകാരന്റെ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ പ്രതികളാക്കപ്പെട്ട ആദിവാസികളെ കാലങ്ങളോളം പീഢിപ്പിക്കുകയാണുണ്ടായത്. സംഭവം നടന്ന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് കേസ്സില്‍ വിചാരണ പോലും ആരംഭിച്ചത്.

കൊലപാതകമടക്കം വിവിധ കേസ്സുകളിലായി എഴുന്നൂറോളം പേര്‍ പ്രതിചേര്‍ക്കപ്പെട്ടു. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും തുടര്‍ന്നുപോരുന്ന വംശീയത എന്തുമാത്രം ഭീകരണമാണെന്ന് തെളിയിക്കുന്നതായിരുന്നു മുത്തങ്ങ കേസ്സിലെ കോടതി വ്യവഹാരങ്ങള്‍. മൂന്ന് നേരം വിശപ്പടക്കാന്‍ പോലും ശേഷിയില്ലാത്ത ഈ പാവങ്ങളെ വര്‍ഷങ്ങളോളം ഹൈക്കോടതിയില്‍ നടന്നുവന്ന കേസ്സിന്റെ ഭാഗമായി ബുദ്ധിമുട്ടിച്ചു. വണ്ടിക്കൂലിക്ക് പോലും കാശില്ലാതിരുന്ന ഇവര്‍ പട്ടിണി കിടന്നും കടം വാങ്ങിയുമാണ് മാസാമാസം എറണാകുളത്തെ കോടതിയിലെത്തിയിരുന്നത്. അസുഖംബാധിച്ച് കിടപ്പിലായവരെപ്പോലും കേസ്സില്‍ നിന്ന് ഒഴിവാക്കാനുള്ള കരുണ അന്വേഷണ സംഘം കാണിച്ചിരുന്നില്ല.

സമരത്തെ അടിച്ചമര്‍ത്തിയതെന്തിന്?

മുത്തങ്ങയില്‍ നടന്ന പോലീസ് അതിക്രമത്തിന്റെ ലക്ഷ്യം വനമേഖലയില്‍ അതിക്രമിച്ച് കയറിയ ആദിവാസികളെ തുരത്തുക മാത്രമായിരുന്നില്ല. ആദിവാസികള്‍ ഉയര്‍ത്തിയ ഭൂമിയുടെ രാഷ്ട്രീയത്തെ ചോരയില്‍ മുക്കിക്കൊല്ലുക കൂടിയായിരുന്നു. മുത്തങ്ങാനന്തര കേരളത്തില്‍ ആദിവാസി ഭൂപ്രശ്നങ്ങളോട് സര്‍ക്കാറുകള്‍ തുടര്‍ന്ന സമീപനങ്ങളില്‍ ഇത് വ്യക്തവുമാണ്. 2001 ല്‍ ആന്റണി സര്‍ക്കാര്‍ കൊടുത്ത വാക്ക് പാലിക്കണമെന്നും മുത്തങ്ങയില്‍ നിന്നും കുടിയിറക്കിയവര്‍ക്ക് ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ട് 2014 ല്‍ ഗോത്രമഹാസഭ നടത്തിയ നില്‍പ്പ് സമരത്തെയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. സമരാവശ്യങ്ങളെ അംഗീകരിച്ചുകൊണ്ട് 2018 ഡിസംബര്‍ 8ന് നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഇന്നുവരെ നടപ്പിലാക്കപ്പെട്ടിട്ടില്ല.

മുത്തങ്ങ സംഭവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 166 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഭൂമി ലഭിച്ചത്. ഗോത്രമഹാസഭ സര്‍ക്കാറിന് നല്‍കിയ കണക്കിലെ 613 കുടുംബങ്ങളില്‍ 447 കുടുംബങ്ങള്‍ക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ട്. അതേ സമയം ഭൂമി കണ്ടെത്തി നല്‍കിയ സ്ഥലങ്ങളിലേക്ക് വഴി, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിയിട്ടില്ലാത്തതിനാല്‍ ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് ഇവിടേക്ക് താമസം മാറാനായിട്ടുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ മുത്തങ്ങ സംഭവം പിന്നിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസികളുടെ ഭൂരാഹിത്യം എന്ന ദുസ്ഥിതിക്ക് ഒരു മാറ്റവുമില്ല.

ഗോത്രവിഭാഗങ്ങളുടെ സംരക്ഷണത്തിനായി കോടികള്‍ സര്‍ക്കാറുകള്‍ ചിലവഴിക്കുന്നുണ്ട്. അതേ സമയം ആദിവാസികള്‍ ഉന്നയിക്കുന്ന ഭൂമി എന്ന ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. ഭൂമിയും വിഭവങ്ങള്‍ക്ക് മേലുള്ള അധികാരവുമാണ് പ്രധാനം. അത് സാധ്യമാക്കാത്ത ഒരു പദ്ധതിയും ആദിവാസികള്‍ക്ക് ഗുണകരമല്ല എന്ന് നമ്മുടെ ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടിരിക്കുന്നു.

DoolNews Video

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more