തിരുവനന്തപുരം: മോദിയുടെ തിരുവനന്തപുരം റാലിയില്‍ കുമ്മനം രാജശേഖരന് വേണ്ടി വോട്ട് ചോദിച്ച് യു.ഡി.എഫ് കാലത്ത് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസന്‍.
തിരുവനന്തപുരത്ത് മാറ്റം ആവശ്യമാണെന്നും കുമ്മനത്തെ പിന്തുണയ്ക്കുന്നുവെന്നും ടി.പി ശ്രീനിവാസന്‍ പറഞ്ഞു. പരിപാടിയില്‍ മോദിയെയും ടി.പി ശ്രീനിവാസന്‍ പിന്തുണച്ച് കൊണ്ട് സംസാരിച്ചു.
തിരുവനന്തപുരത്തിന് ഒരു മാറ്റം ആവശ്യമാണ്. സിറ്റിങ് എംപിയായ ശശി തരൂര്‍ വലിയ എഴുത്തുകാരനും വാഗ്മിയും ആണ്. എന്നാല്‍ അദ്ദേഹത്തിന് തിരുവനന്തപുരവുമായി ബന്ധമില്ല. ഈ കാരണത്താലാണ് കുമ്മനം രാജശേഖരനെ താന്‍ ബഹുമാനിക്കുന്നത്’ അദ്ദേഹം വ്യക്തമാക്കി.
‘1998 ല്‍ വാഷിംങ്ടണില്‍ അംബാസിഡറായ സമയത്ത് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് അദ്ദേഹം ഭരണ സ്ഥാനങ്ങള്‍ ഒന്നും വഹിച്ചിരുന്നില്ല. അന്ന് തനിക്ക് തോന്നിയ ബഹുമാനവും ആദരവും പ്രകടിപ്പിക്കാനാണ് ഇന്ന് തിരുവനന്തപുരത്തെ വേദിയില്‍ എത്തിയിരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.
നേരത്തെ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് പുസ്തകമടക്കം (Mattering to India: The Shashi Tharoor Campaign) എഴുതിയ ആളാണ് ടി.പി ശ്രീനിവാസന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നത്.