തിരുവനന്തപുരം: പ്രതിഷേധിച്ചവരോട് അസഭ്യം പറഞ്ഞുവെന്ന ആരോപണം തള്ളി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി ശ്രീനിവാസന്‍. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കാന്‍ അസഭ്യ പ്രയോഗം നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ടി.പി ശ്രീനിവാസന്‍
അക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും താന്‍ വളരെ സൗമ്യനായാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പെരുമാറിയത്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേഷ്യപ്പെടാന്‍ പോലീസുകാര്‍ ആ സമയത്ത് തന്റെ സമീപത്തൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
“ഞാന്‍ പറഞ്ഞുവെന്ന് പറയപ്പെടുന്ന വാക്കുകള്‍ എന്റെ നിഘണ്ടുവില്‍പോലുമില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. സംഭവത്തെ ലോകവ്യാപകമായി അപലപിക്കപ്പെട്ടതിലുള്ള നിരാശയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ടി.പി ശ്രീനിവാസന്റെ മുഖത്തടിച്ചത് “തന്തയില്ലാത്തവര്‍” എന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണെന്നാണ് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
“ഈ തന്തയില്ലാത്തവരെ പൊക്കി മാറ്റി വഴിയൊരുക്കാന്‍ നിങ്ങളെന്താ തയ്യാറാവാത്തത്” എന്ന് ശ്രീനിവാസന്‍ പോലീസുകാരോട് ചോദിച്ചതാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനെ പ്രകോപിപ്പിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍ എന്നാണ് മാധ്യമപ്രവര്‍ത്തകനായ വി.എസ് ശ്യാംലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.