കേരളത്തില്‍ ജനിക്കുന്ന നൂറ് കുട്ടികളില്‍ 42 പേര്‍ മുസ്‌ലിം സമുദായത്തിലാണെന്നും ഇത് ഭാവിയില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു സമൂഹമായി കേരളത്തെ വളര്‍ത്തുമെന്നുമുള്ള “ആശങ്ക” പങ്കുവെച്ചു കൊണ്ടായിരുന്നു പൊലീസ് കുപ്പായം ഊരിവെച്ചതിന് ശേഷം കേരളീയ പൊതുസമൂഹത്തിലേക്ക് വലിയൊരു ചര്‍ച്ചയ്ക്കു തുടക്കമിട്ട് ടി.പി സെന്‍ കുമാര്‍ എന്ന മുന്‍ ഡി.ജി.പി വീണ്ടും സന്നിവേശം ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് കണ്ടെത്തിയ അദ്ദേഹം മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞുവെച്ചു.
2017 ജൂലായില്‍ സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെന്‍കുമാര്‍ ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും എതിര്‍ക്കപ്പെടേണ്ടത് ന്യൂനപക്ഷത്തിന്റെ മതതീവ്രവാദമാണെന്നും പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തുന്നത്.
“കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്‌ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചു. മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല” അഭിമുഖത്തില്‍ സെന്‍കുമാര്‍ പറയുന്നു.
അഭിമുഖം പുറത്തു വന്നതിന് നിമിഷങ്ങള്‍ക്കകം തന്നെ സെന്‍കുമാറിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. അഴിച്ചുവച്ച കാക്കി കുപ്പായത്തില്‍ നിന്നും അദ്ദേഹം കാക്കിട്രൗസറിലേക്ക് നീങ്ങുകയാണോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കൂട്ടര്‍ക്കും സാധിക്കാത്ത ചില കാര്യങ്ങള്‍ നടത്താന്‍ കിരണ്‍ ബേദിയെ പോലെ ഒരാള്‍ വേണം എന്ന് അമിത് ഷാജി തീരുമാനിച്ചിട്ടുണ്ടാകും എന്ന് കേരളത്തിലെ ചിലരെങ്കിലും ഉറപ്പിച്ചു പറഞ്ഞു.
സെന്കുമാറിന്റെ അഭിമുഖം ചര്‍ച്ച ചെയ്തു തീരുന്നതിന് മുമ്പ് വീണ്ടും വന്നു അടുത്ത പ്രസ്താവന. ആര്‍.എസ്.എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നുമായിരുന്നുമായിരുന്നു പുതിയ വെളിപാട്. ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണം. ലൗ ജിഹാദ് ഇല്ലെന്നു പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല, എന്നിങ്ങനെയായിരുന്നു സെന്‍കുമാറിന്റെ കണ്ടെത്തലുകള്‍.
എന്നാല്‍ സംശയിച്ചതു പോലെ തന്നെ ടി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും സെന്‍കുമാറിനെപ്പോലുള്ളവര്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. പിന്നാലെ ബി.ജെ.പി നേതാവ് എം.ടി രമേശ് സെന്‍കുമാറിനെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയും ചെയ്തു. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമായിരുന്നെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്. അപ്പോഴൊന്നും സെന്‍കുമാര്‍ ബി.ജെ.പി പ്രവേശനത്തെ എതിര്‍ത്തോ അനുകൂലമായോ ഒരക്ഷരം മിണ്ടിയിരുന്നില്ല.
എന്നാല്‍ സെന്‍കുമാറിനെ സംഘപരിവാര്‍ അനുകൂലിയാക്കാന്‍ കേരളത്തിലെ ഇടതുപക്ഷം കാലകാലങ്ങളായി ഉപയോഗിക്കുന്ന ഒരു വീഡിയോ ഉണ്ട്. തിരുവനന്തപുരം എം.ജി കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശിയ ഒരു പൊലീസുകാരന്റെ കോളര്‍ പിടിച്ച് പരസ്യമായി ശകാരിക്കുന്ന സെന്‍കുമാറിന്റെ വീഡിയോ. കീഴ് ഉദ്യോഗസ്ഥന്റെ കുത്തിന് പിടിക്കുക മാത്രമല്ല അന്നത്തെ സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രാഹാമിനോട് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു സെന്‍കുമാര്‍.
ഇപ്പോള്‍ ഇതാ സാക്ഷാല്‍ സെന്‍കുമാര്‍ തന്നെ താന്‍ ഏത് പാളയത്തിലാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് വിവരം വെച്ചത് മുതലാണ് താന്‍ ആര്‍.എസ്.എസുകാരനായതെന്നാണ് പ്രഖ്യാപനം. ബി.ജെ.പി സുവര്‍ണാവസരമായി കണ്ട ശബരിമലയിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയില്‍ സംഘപരിവാറിന് വേണ്ടി വാദിക്കാന്‍ വന്നപ്പോഴാണ് ചര്‍ച്ചയ്ക്കിടെ സെന്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
ടി.പി സെന്‍കുമാര്‍ ആര്‍.എസി.എസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സി.പി.ഐ.എമ്മിന്റെ പ്രതിനിധി എ.എ റഹീം പറഞ്ഞതോടെയാണ് സെന്‍കുമാര്‍ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെയുള്ള സമരം ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മ്മ സമിതി ദേശീയ ഘടകം രൂപീകരിക്കുകയും അതിന്റെ ഉപാധ്യക്ഷനായി സെന്‍കുമാറിനെ തെരഞ്ഞെടുക്കയും ചെയ്തതിന് തൊട്ട് പിന്നാലെയാണ് സെന്‍കുമാറിന്റെ ഈ തുറന്നുപറച്ചില്‍.
ശബരിമല വിവാദം കത്തിനില്‍ക്കുമ്പോഴും സെന്‍കുമാറിന്റെ ശബ്ദം ഉയര്‍ന്നു കേട്ടിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കാണുകയും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ കൈകളിലെത്തിക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം എന്നാവശ്യപ്പെടുകയും ചെയ്തു സെന്‍കുമാര്‍. “അവിശ്വാസികള്‍ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നതു ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിയമം കൊണ്ടുവരാന്‍ അധികാരമുണ്ട്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം” ശബരിമല വിധിയില്‍ ഇവിടത്തെ ശ്രീധരന്‍പിള്ള മുതല്‍ സുരേന്ദ്രന്‍ വരെ പറയുന്ന അതേകാര്യമാണ് അമിത്ഷായെ ചെന്ന് കണ്ട് സെന്‍കുമാര്‍ രേഖാമൂലം ബോധിപ്പിച്ചു കൊടുത്തത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നാണ് ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തെ സ്ഥാനത്ത് പുനനിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മേയ് ആറിനാണ് സെന്‍കുമാര്‍ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നത്. പിന്നീട് കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം തൊപ്പി ഊരിവെച്ചത്.
ടി.പി സെന്‍കുമാറിന്‍റെ സംഘപരിവാര്‍ വിധേയത്വം പോലെ തന്നെ യു.എ.പി.എ എന്ന കരിനിയമത്തോടുള്ള അദ്ദേഹത്തിന്‍റെ സമീപനവും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് ചുമത്തപ്പെട്ട 162 യു.എ.പി.എ കേസുകളില്‍ 136 കേസുകളും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു ചാര്‍ജ്ജ് ചെയതതായിരുന്നു. പലതും ടി.പി സെന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായരുന്നു.
എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതില്‍ 42 യു.എ.പി.എ കേസുകളും ഡി.ജി.പിയുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. യു.എ.പി.എയ്‌ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറായത്.
സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം പൊലീസ് മേധാവിയായിരിക്കെ ലോക്നാഥ് ബെഹ്റ കുറ്റപത്രം സമര്‍പ്പിക്കാത്ത 162 കേസുകളാണ് പുനഃപരിശോധന നടത്തിയത്. അതില്‍ 42 എണ്ണത്തില്‍ യു.എ.പി.എ ചുമത്തിയത് പിന്‍വലിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ പൊലീസ് കുപ്പായത്തില്‍ തിരിച്ചെത്തിയ സെന്‍കുര്‍ യു.എ.പി.എ നിയമം ചുമത്തിയ കേസുകള്‍ പിന്‍വലിച്ച നടപടി പുനഃപരിശോധിക്കണമെന്ന് നിലപാടുത്തു. ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റ അധ്യക്ഷനായ സമിതി പിന്‍വലിക്കാന്‍ തീരുമാനിച്ച 42 യു.എ.പി.എ കേസുകളില്‍ അദ്ദേഹം പുനഃപരിശോധന ആവശ്യപ്പെട്ടു.
മാവോവാദി പ്രവര്‍ത്തകര്‍ക്ക് സഹായംനല്‍കല്‍, തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്ററൊട്ടിച്ച കേസ്, മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരായ കേസ് തുടങ്ങിയവ പുനഃപരിശോധിക്കുമെന്നായിരുന്നു സെന്‍കുമാറിന്റെ നിലപാട്. കടുത്ത മനുഷ്യാവകാശ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ യു.എ.പി.എ നിയമത്തിന്‍റെ പ്രയോഗം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും മേല്‍ അകാരണമായി അടിച്ചേല്‍പ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒട്ടും മനസ്ഥാപമുണ്ടായിരുന്നില്ല.
ഡി.ജി.പി കസേരയില്‍ നിന്നിറങ്ങി കാവി പാളയത്തിലേക്ക് ചേക്കേറിപ്പോയ സെന്‍കുമാറിന് ഇങ്ങനെ ഒത്തിരിയുണ്ട് വെളിപാടുകള്‍. തന്‍റെ രാഷ്ട്രീയം ഏതെന്ന് തുറന്നു പറഞ്ഞ സ്ഥിതിക്ക് സെന്‍കുമാറിന്‍റെ വാക്കുകള്‍ ഇനി കേരളം കേള്‍ക്കുക മുന്‍ ഡി.ജി.പിയുടെ വാക്കുകളായി മാത്രമല്ല. ഒരു തികഞ്ഞ സംഘപരിര്‍ നേതാവിന്‍റെ വാക്കുകളായിട്ടു കൂടിയായിരിക്കും.
സീനിയോറിറ്റിയില്‍ മഹേഷ് കുമാര്‍ സിംഗ്ലയെ മറികടന്നാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ, സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി നിയമിക്കപ്പെടുന്നയാള്‍ രണ്ട് വര്‍ഷമെങ്കിലും ആ പദവിയിലിരിക്കണമെന്നാണ്. ഇത് കണക്കിലെടുത്താണ് രണ്ട് വര്‍ഷംകൂടി സര്‍വീസ് ഉള്ള സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ചത്.