എസ്.എന്‍.ഡി.പി യോഗം മുന്‍ മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസുവിനോടൊപ്പമാണ് സെന്‍കുമാര്‍ പത്രസമ്മേളനം നടത്തിയത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് സെന്‍കുമാര്‍ എത്തിയത്.
യോഗം തുടങ്ങുന്നതിനു മുന്‍പാണ്, നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന ഹാളില്‍ പത്രസമ്മേളനം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാറിനോടു കഴിഞ്ഞ ദിവസം കൊറോണ വൈറസിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
അതു തന്റെ അഭിപ്രായമല്ലെന്നും ഡോ. പോള്‍ ഹേലി ഉള്‍പ്പെടെ ലോകത്തിലെ വിദഗ്ധരുടെ അഭിപ്രായമാണെന്നും മറുപടി പറഞ്ഞു.
തുടര്‍ ചോദ്യം ആരംഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞത്. സുഭാഷ് വാസു ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും അടങ്ങിയില്ല. ഇതിനിടയില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു.
മൊബൈല്‍ പിടിച്ചുവാങ്ങി മാധ്യമ പ്രവര്‍ത്തക താക്കിതു ചെയ്തു. തര്‍ക്കം നടക്കുമ്പോള്‍ പ്രവര്‍ത്തകരെ വിലക്കാതെ സെന്‍കുമാര്‍ നിശബ്ദനായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കൊവിഡ് 19 കേരളത്തിലെ താപനിലയില്‍ അതിജീവിക്കില്ലെന്നായിരുന്നു സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ആരോഗ്യരംഗത്തെ നിരവധി പേര്‍ പറഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇതിന് മുന്‍പും കൈയേറ്റം ശ്രമം
നേരത്തെ ടി.പി സെന്‍കുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അലങ്കോലപ്പെട്ടിരുന്നു. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തത് വന്‍വിവാദമായിരുന്നു. ടി.പി സെന്‍കുമാറിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് പരാതിയും നല്‍കിയിരുന്നു.
എസ്.എന്‍.ഡി.പി യോഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും ടി.പി സെന്‍കുമാറും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം സഹായികള്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു കടവില്‍ റഷീദിന്റെ പരാതി. തുടര്‍ന്നാണ് ടി.പി സെന്‍കുമാര്‍ കടവൂര്‍ റഷീദിനും സെന്‍കുമാറിന്റെ നടപടിയെ വിമര്‍ശിച്ച് പത്രപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് കുമാറിനും എതിരെ പരാതി നല്‍കിയത്.
പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പരാതി. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് വിവാദമാകുകയും വിന്‍സെന്റ് എം.എല്‍.എ വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.
അതേസമയം സെന്‍കുമാറിനെതിരെ നല്‍കിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് അന്ന് റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.” നാളെ ഇതേ അനുഭവം വേറെ ഒരാള്‍ക്കും വരാന്‍ പാടില്ല. അതുമാത്രമേയുള്ളൂ. നാളെ ഞാന്‍ ഇല്ലാതായിക്കോട്ടെ. അത് പ്രശ്നമല്ല. എങ്കിലും പത്രരംഗത്തേക്ക് വരുന്ന പുതിയ തലമുറയില്‍പ്പെട്ട ആര്‍ക്കും ഇതുപോലൊരു അപമാനം നേരിടേണ്ടി വരരുത്,” റഷീദ് പറഞ്ഞു.
”കെ.യു.ഡബ്ല്യൂ.ജെ എനിക്കൊപ്പം നിന്നു. ഞാന്‍ ഒരു വലിയ പത്രപ്രവര്‍ത്തകനൊന്നും അല്ല. ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചെറിയൊരു ആള്‍ ആണ്. ആ ഒരു കാര്യത്തില്‍ യൂണിയന്‍ നല്ല തീരുമാനം തന്നെ എടുത്തു. പറയുമ്പോള്‍ ഞാന്‍ മെമ്പര്‍ പോലും ആയിട്ടില്ല. എങ്കിലും അവര്‍ സ്വാഗതാര്‍ഹമായ നിലപാടാണ് എടുത്തത്.
പൊലീസ് ഇന്ന് വീണ്ടും തന്റെ മൊഴിയെടുക്കാന്‍ എത്തിയിരിക്കുന്നെന്നും സുരേഷുമായുള്ള ബന്ധത്തെ കുറിച്ചെല്ലാമാണ് പൊലീസ് ചോദിച്ചതെന്നും റഷീദ് പറയുന്നു. സെന്‍കുമാറിന്റെ പത്രസമ്മേളനം നടക്കുമ്പോള്‍ ആ പരിസരത്തുപോലും സുരേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിലാണ് അദ്ദേഹത്തെ ഇപ്പോള്‍ രണ്ടാം പ്രതിയാക്കിയിരിക്കുന്നത്.
സെന്‍കുമാറിനെപ്പോലുള്ളവര്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കുകയാണ്. ചോദ്യം ചോദിക്കുന്നവരെ ഭയക്കുക മാത്രമല്ല ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ്.
അതേസമയം ടി.പി സെന്‍കുമാറിനെതിരെ പ്രസ് ക്ലബ് തന്നെ മറ്റൊരു പരാതി കൊടുക്കണമെന്നായിരുന്നു താന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. യൂണിയനും പ്രസ് ക്ലബ്ബും വിഷയത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കടവില്‍ റഷീദിനും പി.ജി സുരേഷ്‌കുമാറിനും എതിരെ കള്ളക്കേസെടുത്തതിലൂടെ ആടിനെ പട്ടിയാക്കുന്ന കുത്സിത തന്ത്രം കേരള പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രയോഗിക്കുകയാണെന്നായിരുന്നു കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് റെജി പ്രതികരിച്ചത്.