| Thursday, 24th October 2019, 7:47 pm

'ശബരിമല ഉപയോഗിച്ച് എന്നും വോട്ടുനേടാമെന്ന് കരുതരുത്'; ബി.ജെ.പിയുടെ പരാജയത്തില്‍ മലക്കം മറിഞ്ഞ് ടി.പി സെന്‍കുമാര്‍; 'കോന്നിയില്‍ ശബരിമല കാരണം സുരേന്ദ്രന് വോട്ട് കുറഞ്ഞില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ താമസമുണ്ടായതാണ് വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ശബരിമല പോലൊരു പ്രശ്‌നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആര്‍ക്കുമാകില്ല. കോന്നിയില്‍ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടില്‍ വലിയ കുറവ് വരാതിരുന്നത്. പോളിംഗ് ശതമാനം കുറഞ്ഞതിനനുസരിച്ച് ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോര്‍ച്ച ബി.ജെ.പിക്ക് കോന്നിയില്‍ ഉണ്ടായില്ല’, സെന്‍കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

80 ശതമാനത്തിന് മുകളില്‍ ഹിന്ദു വോട്ടുകളുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 40 ശതമാനം നായര്‍ വിഭാഗത്തിന്റെത് അല്ലാത്ത വോട്ടുമുണ്ട്. എന്‍.എസ്.എസിന്റെ ആളുകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്‍ഡ് ഉണ്ടാകും. ഈ ട്രെന്‍ഡിനൊപ്പം നായര്‍ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡര്‍ വോട്ടുകളും കൂടി ചേര്‍ന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. മഞ്ചേശ്വരത്ത് നേരിയ വോട്ടുകള്‍ക്ക് മുന്നേറിയതൊഴിച്ചാല്‍ ബാക്കി നാലിടത്തും ബി.ജെ.പിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

ബി.ജെ.പി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന ബി.ജെ.പിയാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതിനാല്‍ ഇക്കുറിയും കെ.സുരേന്ദ്രനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 2019ല്‍ കെ.സുരേന്ദ്രനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും തമ്മില്‍ 440 വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇക്കുറി എല്‍.ഡി.എഫിന്റെ അടുത്തെത്താന്‍ പോലും ബി.ജെ.പിക്കായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more