| Thursday, 7th July 2011, 11:11 am

ലിസ് കേസ് അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: ലിസ് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്. ജൂണ്‍ 24നാണ് സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. കത്തിന്റെ കോപ്പി ഡൂള്‍ന്യൂസിന് ലഭിച്ചു.

കേസിന്റെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥനാണ് എ.ഡി.ജി.പി സെന്‍കുമാര്‍. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നാഴ്ചക്കകം തന്നെ ദക്ഷിണ മേഖല ഐ.ജി സ്ഥാനത്ത് നിന്ന് മാറ്റിയതായി സെന്‍കുമാര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. പിന്നീട് കേസിന്റെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ സെന്‍കുമാറുമായി ലിസ് കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.

കേസിലെ ഒന്നാം സാക്ഷിയായി വിസ്തരിക്കേണ്ട സെന്‍കുമാറിനെ 126ാമത്തെ സാക്ഷിയായിരിക്കയാണ്. കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ സാക്ഷികളെ പലപ്പോഴും അവരുടെ വാഹനങ്ങളിലാണ് കൊണ്ടുവരുന്നത്. ചാര്‍ജ്ജിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുമ്പോഴും വിചാരണ സമയത്ത് നടക്കുന്ന ക്രമക്കേട് പരിഹരിക്കുന്നതിനുമായി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കുമ്പോഴും നിയമവിരുദ്ധമായി അനുവദിക്കാതിരിക്കുകയാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കാന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ യാതൊരു സഹായവും നല്‍കുന്നില്ലെന്നും എ.ഡി.ജി.പിയുടെ പരാതിയില്‍ പറയുന്നു.

കേസ് അട്ടിമറിക്കുന്നതിനായി വിചാരണ കോടതിയില്‍ നടക്കുന്ന ഇടപെടലുകള്‍ വ്യക്തമാക്കി ഡൂള്‍ന്യൂസ് അന്വേഷണ പരമ്പര തുടങ്ങിയിരിക്കിയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ എ.ഡി.ജി.പിയുടെ കത്ത് പുറത്ത് വന്നിരിക്കുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഏറെ ശ്രദ്ധേയമാണ്. ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ് കേസിലെ പ്രതികള്‍. നേരത്തെ കേസ് അട്ടിമറിക്കുന്നതിനായി അവര്‍ നടത്തിയ ഇടപെടലുകള്‍ ഏറെ വിവാദമായിരുന്നു. ലിസ് തട്ടിപ്പിന് ശേഷം അനുബന്ധമായി മറ്റൊരു സാമ്പത്തിക ഇടപാട് സംരംഭം തുടങ്ങിയ പ്രതികള്‍ മാധ്യമങ്ങളിലൂടെ വ്യാപകമായ പരസ്യവും നല്‍കിയിരുന്നു. ലിസ് കേസ് അട്ടിമറിക്കപ്പെടുന്നതിനെക്കുറിച്ച് ഡൂള്‍ന്യൂസ് അന്വേഷണ പരമ്പര തുടങ്ങിയ ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.

സെന്‍കുമാര്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ ഭാഗം

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

We use cookies to give you the best possible experience. Learn more