ഇസ്‌ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ല; ദേശീയതയ്ക്ക് എതിരായ മത തീവ്രവാദത്തെയാണ് നേരിടേണ്ടത്; കടുത്ത ആര്‍.എസ്.എസ് വാദങ്ങളുമായി സെന്‍കുമാര്‍
Kerala
ഇസ്‌ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവുമില്ല; ദേശീയതയ്ക്ക് എതിരായ മത തീവ്രവാദത്തെയാണ് നേരിടേണ്ടത്; കടുത്ത ആര്‍.എസ്.എസ് വാദങ്ങളുമായി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2017, 2:14 pm

തിരുവനന്തപുരം: ഇസ്‌ലാമിക് സ്റ്റേറ്റും ആര്‍.എസ്.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്ന് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. മതതീവ്രവാദമെന്ന് പറയുമ്പോള്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്ക്ക് എതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്‌ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.


Dont Miss മോദീ, അമിത് ഷാ, ഞാന്‍ തൂക്കിലേറ്റപ്പെടാം; എന്നാല്‍ അതിന് മുന്‍പ് നിങ്ങളെ വേരോടെ പിഴുതെടുക്കും; മുന്നറിയിപ്പുമായി ലാലു പ്രസാദ് യാദവ്


ഇവിടെ കുറേയാളുകള്‍ ജിഹാദിന് വേണ്ടി നടക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്‌ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നംു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്‌ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

കേരളത്തില്‍ മുസ് ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചു.


Dont Miss സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേരെ ചത്തമീന്‍ എറിഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ – വീഡിയോ പുറത്ത്


കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചു.

മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല.

ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാനെന്നും സെന്‍കുമാര്‍ പറയുന്നു.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. അവര്‍ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകര്‍ത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ടു കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു.