| Friday, 6th March 2020, 3:30 pm

FACT CHECK- കൊവിഡ് 19, 27 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് ടി.പി സെന്‍കുമാര്‍; എന്താണ് സത്യം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കെ വ്യാജപ്രചരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്റെ പരാമര്‍ശത്തോട് പ്രതികരണമായാണ് വസ്തുതയ്ക്ക് നിരക്കാത്ത വാദവുമായി മുന്‍ ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡേ നിലനില്‍ക്കൂവെന്നും കേരളത്തിന്റെ ചൂട് 32 ഡിഗ്രിയാണെന്നിരിക്കെ ഇവിടെ കൊവിഡ് 19 വരില്ലെന്നാണ് മുന്‍ ഡി.ജി.പിയുടെ വാദം.


എന്നാല്‍ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്നയിനം കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് നിലവില്‍ യാതൊരു തെളിവുകളുമില്ല. കേരളത്തേക്കാള്‍ ചൂട് കൂടിയ സ്ഥലങ്ങളില്‍ (കുവൈറ്റ്, സൗദി, ഇവിടെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മനുഷ്യശരീരത്തിലെ താപനില 37.2 ഡിഗ്രി സെല്‍ഷ്യസാണെന്നിരിക്കെ 27 ഡിഗ്രി സെല്‍ഷ്യസിനപ്പുറം കൊവിഡ് 19 ജീവനോടെയിരിക്കില്ല എന്ന വാദം പോലും എത്രത്തോളം മണ്ടത്തരമാണ് എന്നത് ഐക്യരാഷ്ട്രസഭയുടെ വെബ്‌സൈറ്റില്‍ പോയാല്‍ മനസിലാകും.

കൊവിഡ് 19 കാരണം ലോകത്ത് ഇതുവരെ മാറ്റിവെച്ച പരിപാടികള്‍

ആളുകള്‍ ഒന്നിച്ചുകൂടുന്നിടം പരമാവധി ഒഴിവാക്കണമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉംറ തീര്‍ത്ഥാടനവും അന്താരാഷ്ട്ര ഉച്ചകോടികളും കായികമേളകളും മാറ്റിവെച്ചിരിക്കുന്നത്.

ഉയര്‍ന്ന താപനില കോവിഡ് – 19 വൈറസിന്റെ പകര്‍ച്ചയെ പ്രതിരോധിക്കും എന്നതിന് ശാസ്ത്രീയമായ അടിത്തറ ഇതുവരെ ഇല്ല. ഇന്തോനേഷ്യ പോലെയുള്ള സബ് ട്രോപ്പിക്കല്‍ കാലാവസ്ഥ (ഇന്നത്തെ താപനില 32ഡിഗ്രി) ഉള്ള ഇടങ്ങളിലും ലോക്കല്‍ ട്രാന്‍സ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വസ്തുത ഇതാണെന്നിരിക്കെയാണ് ഓദ്യോഗികപദവിയിലിരുന്ന ഉത്തരവാദപ്പെട്ട ഒരു മുന്‍ ഡി.ജി.പി യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊവിഡ് 19 പ്രതിരോധത്തെ പിന്നോട്ടുവലിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more