'അന്ന് ഋഷിരാജ് സിംഗിന് താമസിക്കാന്‍ ഒരു വീടു കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല'; ടി. പി സെന്‍കുമാര്‍
Kerala News
'അന്ന് ഋഷിരാജ് സിംഗിന് താമസിക്കാന്‍ ഒരു വീടു കിട്ടിയിരുന്നെങ്കില്‍ ചാരക്കേസ് ഉണ്ടാകുമായിരുന്നില്ല'; ടി. പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th June 2018, 7:30 am

 

കൊല്ലം : തിരുവനന്തപുരം ഡി.സി.പി. ആയിരുന്ന ഋഷിരാജ് സിങ്ങിന് താമസിക്കാന്‍ നല്ലൊരു വീട് കിട്ടിയിരുന്നെങ്കില്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഉണ്ടാകുമായിരുന്നില്ലെന്ന് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍. ചാരക്കേസ് സൃഷ്ടിച്ചത് സി.ഐ.എ. ഇടപെടലും ക്രയോജനിക് സാങ്കേതികവിദ്യയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

1994-ല്‍ തിരുവനന്തപുരത്ത് ജോലിക്കായെത്തിയ ഋഷിരാജ് സിംഗ് താമസിക്കാനായി വീടന്വേഷിച്ചിരുന്നു. എന്നാല്‍ ഋഷിരാജ് സിംഗിനോട് നല്ല വീടുകളെല്ലാം മാലി സ്വദേശികള്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നാണ്    പൊലീസുകാര്‍ പറഞ്ഞത്.

തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹം സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ. വിജയനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ മാലി സ്വദേശിനി മറിയം റഷീദയുടെ പാസ്‌പോര്‍ട്ടില്‍ നിയമലംഘനം കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇവരുടെ ഫോണ്‍ നമ്പരുകള്‍ ശേഖരിച്ച് അന്വേഷിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു.


ALSO READ: കഠ്‌വ സംഭവത്തില്‍ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ല; അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും അഡ്വ: ദീപിക സിങ് രജാവത്


സര്‍ക്കാരിന് നിയമപരമല്ലാത്ത കാര്യങ്ങളില്‍ സംരക്ഷണം നല്‍കേണ്ട ബാധ്യത  പൊലീസിനില്ല. ഒരു കുറ്റം നടന്നാല്‍ പ്രതിയെ അന്നുതന്നെ പിടികൂടണമെന്ന സമ്മര്‍ദം ശരിയല്ല.

പതിനായിരംപേര്‍ക്ക് ഗുണം ലഭിക്കേണ്ട ഒരു പദ്ധതി 15 പേരുടെ എതിര്‍പ്പുമൂലം സംസ്ഥാനത്ത് ഇല്ലാതാകുന്നുണ്ട്. സര്‍ക്കാരുകള്‍ക്ക് പലപ്പോഴും സമ്മര്‍ദ ഗ്രൂപ്പുകളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടിവരുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം പെരുമ്പാവൂര്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ആദ്യം തെളിവുകള്‍ കണ്ടെത്തിയത് കേസിന്റെ തുടക്കത്തില്‍ അന്വേഷണം നടത്തിയ സംഘമായിരുന്നുവെന്ന് ടി.പി.സെന്‍കുമാര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ കുറ്റം ആരോപിച്ച ആരെയെങ്കിലും തിരഞ്ഞെടുപ്പിന്റെയും മാധ്യമങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാമായിരുന്നു. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന സമ്മര്‍ദം അന്ന് സര്‍ക്കാര്‍ തലങ്ങളില്‍ ഉണ്ടായതുമില്ല.