Advertisement
Kerala News
തിയേറ്റര്‍ ഉടമക്കെതിരെ കേസെടുത്ത നടപടി തെറ്റ്; സമൂഹം ഇത് അനുവദിച്ചുകൊടുക്കരുത്; പൊലീസ് നടപടിയെ വിമര്‍ശിച്ച് ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 04, 09:55 am
Monday, 4th June 2018, 3:25 pm

തിരുവനന്തപുരം: എടപ്പാളില്‍ 10 വയസുകാരിയെ തിയേറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍.

തികച്ചും തെറ്റായ കാര്യമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും തെറ്റായ നടപടിയാണ് ഇതെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. ഇത്തരം നടപടിയെടുക്കാന്‍ സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Dont Miss തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നെന്ന് ജോസഫൈന്‍; ബൂര്‍ഷ്വാ നടപടിയെന്ന് പാര്‍വതി


തിയേറ്റര്‍ ഉടമ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ ചൈല്‍ഡ് ലൈനാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അങ്ങനെയെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുക്കേണ്ടേ?

വലിച്ചുനീട്ടി ഏതെങ്കിലും വിധത്തില്‍ അയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കാത്തിരുന്നു എന്ന് വേണം അനുമാനിക്കാന്‍. കുട്ടിയേയും കുട്ടിയുടെ അമ്മയേയും കാണാത്ത വിധത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പിന്നെ അതിലെന്താണ് തെറ്റ്.

ജനങ്ങള്‍ക്ക് പൊലീസിനോടുള്ള വിശ്വാസം ഇല്ലാതാക്കാനേ ഇതുകൊണ്ട് ഉതകുള്ളൂ. ഇനി ഇത്തരമൊരു കുറ്റമുണ്ടായാല്‍ ആരും പൊലീസില്‍ അറിയിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് നല്‍കിയിരിക്കുന്നത്.

അദ്ദേഹത്തിനെതിരെ കേസെടുത്തത് ഏത് ഓഫീസറായിരുന്നാലും തികച്ചും തെറ്റായ നടപടിയായിപ്പോയെന്നും സെന്‍കുമാര്‍ പറഞ്ഞു.

പൊലീസിന്റെ നടപടി തന്നെ അത്ഭുപ്പെടുത്തിയെന്നും പൊലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചിരുന്നു. പൊലീസിന്റേത് ബൂര്‍ഷ്വാ നടപടിയാണെന്നായിരുന്നു സാമൂഹ്യപ്രവര്‍ത്തക മാലാ പാര്‍വതിയുടെ പ്രതികരണം.