| Monday, 24th April 2017, 10:46 am

സര്‍ക്കാറിന് കനത്ത തിരിച്ചടി; ടി.പി സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും നിയമിക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ നല്‍കിയ കേസില്‍ ടി.പി സെന്‍കുമാറിന് വിജയം. ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും അദ്ദേഹത്തെ ഉടന്‍ നിയമിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. ജിഷ കേസ് പുറ്റിങ്ങല്‍ കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന പേരിലാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തത്.

ഹൈക്കോടതിയുടേയും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റേയും വിധികള്‍ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. സെന്‍കുമാറിനെ നീക്കിയ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയ നടപടി ചോദ്യം ചെയ്താണ് സെന്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍പ് ഹൈക്കോടതിയേയും ട്രൈബ്യൂണലിനേയും സെന്‍കുമാര്‍ സമീപിച്ചിരുന്നെങ്കിലും അവിടെയെല്ലാം അദ്ദേഹത്തിന് പ്രതികൂലമായ വിധിയാണ് ഉണ്ടായത്.

പിണറായി വിജയന്‍ ചുമതലയേറ്റ് രണ്ടാമത്തെ ദിവസമാണ് സെന്‍കുമാറിനെ മാറ്റിയത്. സി.പി.ഐ.എമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് സ്ഥാനത്ത് നിന്ന് നീക്കാന്‍ കാരണം എന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചത്.

പൊലീസിന്റെ വീഴ്ച കാരണമാണ് സെന്‍കുമാറിനെ മാറ്റിയത് എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയോ എന്ന് സുപ്രീം കോടതി സര്‍ക്കാറിനോട് ചോദിച്ചിരുന്നു.

2006-ലെ പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതി വിധി പ്രകാരം ഡി.ജി.പിയായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് രണ്ട് കൊല്ലം തുടര്‍ച്ചയായ കാലാവധി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇതനുസരിച്ച് തനിക്ക് കാലാവധി നീട്ടി നല്‍കമമെന്നാണ് സെന്‍കുമാര്‍ വാദിച്ചത്. വരുന്ന ജൂണ്‍ മാസമാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.

We use cookies to give you the best possible experience. Learn more