പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിക്ക് പ്രായശ്ചിത്തമായി വിരമിച്ച പൊലീസുകാരുടെ കൂട്ട പ്രാര്‍ത്ഥനാ യജ്ഞം. പഴയ ഡി.ജി.പിയും ഇപ്പോള്‍ സംഘപരിവാറിന്റെ ശബരിമല കര്‍മ്മസമിതിയുടെ നേതാവുമായ ടി.പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര മുറ്റത്താണ് യജ്ഞം നടന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രായശ്ചിത്തമെന്ന പേരിലാണ് യജ്ഞം. സെന്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. ഡി.ജി.പി ഉള്‍പ്പെടയുള്ളവര്‍ നടത്തിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമാണിതെന്ന് സെന്‍കുമാര്‍ പറഞ്ഞു. 30 ലധികം പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി.
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെല്ലാം പല താല്‍പര്യങ്ങളും കാണും, അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണ്. എന്നാല്‍ ശബരിമലയില്‍ അതുണ്ടായില്ല. രഹ്ന ഫാത്തിമയടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.
മുന്‍ എ.ഡി.ജി.പി ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം കൊട്ടാരം കുടുംബാംഗം പി ജി ശശികുമാര വര്‍മ്മയും പങ്കെടുത്തു.