നമ്പി നാരായണന്‍ പത്മപുരസ്‌കാരത്തിന് അര്‍ഹനല്ല; മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും കൂടി നല്‍കാമായിരുന്നു: ടി.പി സെന്‍കുമാര്‍
Kerala News
നമ്പി നാരായണന്‍ പത്മപുരസ്‌കാരത്തിന് അര്‍ഹനല്ല; മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും കൂടി നല്‍കാമായിരുന്നു: ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 11:47 am

തിരുവനന്തപുരം: നമ്പി നാരായണന് പത്മ അവാര്‍ഡ് നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍. നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നല്‍കിയിട്ടില്ലെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞു.

ആരാണ് ഇദ്ദേഹത്തെ ഇതിനായി ശുപാര്‍ശ ചെയ്തത്. അവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

ഐ.എസ്.ആര്‍.ഒയില്‍ നടന്ന കാര്യങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ വെച്ചിരിക്കുകയാണ്. അത്തരത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രധാനപ്പെട്ട സുപ്രീം കോടതിയുടെ വിധി തന്നെ ഇരിക്കെ എങ്ങനെയാണ് ആ സമിതി കണ്ടെത്തല്‍ നടത്തുന്നതിന് മുന്‍പ് ഇങ്ങനെയൊരു അവാര്‍ഡ് അദ്ദേഹത്തിന് നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്.


സൗണ്ട് പ്രൂഫ് ഓഡിറ്റോറിയം, വിക്ടോറിയന്‍ ഇന്റീരിയറുകള്‍; യു.പിയില്‍ പ്രിയങ്കയ്ക്ക് വേണ്ടി മോടിപിടിപ്പിക്കുന്നത് 125 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് ഓഫീസ്


ആ കമ്മിറ്റിയില്‍ എല്ലാ രേഖകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. 90 കളില്‍ ജോലി ചെയ്ത ആയിരക്കണക്കിനുള്ള ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഐ.എസ്.ആര്‍.ഒയില്‍ ഉണ്ട്. ഇദ്ദേഹം എന്തെങ്കിലും സംഭാവനകള്‍ നടത്തിയോ എന്ന് അവര്‍ പറയട്ടെ.

ചെറിയ ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന നിരവധി ശാസ്ത്രജ്ഞര്‍ ഉണ്ട്. അവര്‍ക്ക് അതിന്റെ ചെലവ് പോലും കിട്ടുന്നില്ല. അതൊന്നും ആരും ഗണനീയമായി എടുത്തുന്നില്ല. മനുഷ്യര്‍ക്ക് പ്രയോജനമാക്കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന നിരവധി ആളുകളുണ്ട്. അവര്‍ക്ക് ആര്‍ക്കെങ്കിലും നിങ്ങള്‍ ഒരു അവാര്‍ഡ് കൊടുത്തിട്ടുണ്ടോ?

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദചാമിക്കും അമീറുല്‍ ഇസ്‌ലാമിനും മറിയം റഷീദയ്ക്കും പത്മവിഭൂഷന്‍ തന്നെ കിട്ടുമോ എന്ന് എനിക്ക് പ്രത്യാശയുണ്ട്. ഈ വര്‍ഷം വിട്ടുപോയതായിരിക്കാം. ടി.പി സെന്‍കുമാര്‍ പറഞ്ഞു.