നമ്പി നാരായണനെ ദ്രോഹിച്ചിട്ടില്ല; താന്‍ കുറ്റക്കാരനാണെങ്കില്‍ ഇ.കെ നായനാരായിരിക്കും ഒന്നാം പ്രതി; സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി ടി.പി സെന്‍കുമാര്‍
Kerala News
നമ്പി നാരായണനെ ദ്രോഹിച്ചിട്ടില്ല; താന്‍ കുറ്റക്കാരനാണെങ്കില്‍ ഇ.കെ നായനാരായിരിക്കും ഒന്നാം പ്രതി; സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 9:03 am

എറണാകുളം: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരെ വീണ്ടും നിയമ നടപടിക്കൊരുങ്ങി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടിയെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് നമ്പി നാരായണന്‍ കേസുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ നായനാര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് ഏറ്റെടുത്തതെന്നും എന്നാല്‍ കേസ് അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫയല്‍ തിരിച്ച് നല്‍കിയെന്നും സെന്‍കുമാര്‍ പറയുന്നു.

Also Read ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ “വനിതാ മതില്‍” സംഘടിപ്പിക്കും: മുഖ്യമന്ത്രി

താന്‍ കുറ്റക്കാരനാണെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാര്‍ ഒന്നാം പ്രതിയാവുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികാര നടപടിയാണിതെന്നും സെന്‍കുമാര്‍ പറയുന്നു.

നമ്പി നാരായണനെ സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങിയെന്നും സി.ബി.ഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

Also Read  ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും താന്‍ മാറ്റപ്പെട്ടത് ചരിത്രം തെളിയിക്കും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

DoolNews Video