Entertainment
വയലാര്‍ എഴുതിയ ആ വരികള്‍ യേശുദാസ് ഗാനമേളകളില്‍ തിരുത്തിപ്പാടിയിട്ടുണ്ട്: ടി.പി. ശാസ്തമംഗലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 07, 03:45 am
Friday, 7th March 2025, 9:15 am

മലയാളികള്‍ ഗാനഗന്ധര്‍വനെന്ന് വിശേഷിപ്പിക്കുന്ന ഗായകനാണ് കെ.ജെ. യേശുദാസ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെയായി സംഗീതലോകത്ത് സജീവമായ യേശുദാസിന് എട്ട് തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോള്‍ യേശുദാസിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമാഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം. വയലാര്‍ എഴുതിയ ‘ഗുരുവായൂര്‍ അമ്പലനടയില്‍ ഞാനൊരു ദിവസം പോകും, ഗോപുരവാതില്‍ തുറക്കും ഗോപകുമാരനെ കാണും’ എന്ന വരികള്‍ യേശുദാസ് ഗാനമേളകളില്‍ മാറ്റി പാടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഗുരുവായൂര്‍ അമ്പലനടയില്‍ ഞാനൊരു ദിവസം പോകും, ഗോപുരവാതില്‍ തുറക്കും ഗോപകുമാരനെ കാണുമെന്ന് വയലാര്‍ എഴുതി. എന്നാല്‍ ഗോപുരവാതില്‍ തുറക്കാതെ ഗോപകുമാരനെ കാണുമെന്ന് തിരുത്തി യേശുദാസ് അത് ഗാനമേളകളില്‍ പാടി,’ ടി.പി. ശാസ്തമംഗലം പറഞ്ഞു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ജെ. യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റാതിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം വയലാറിന്റെ വരികള്‍ തിരുത്തി പാടിയതെന്നും ടി.പി. ശാസ്തമംഗലം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള വരികള്‍ കേട്ടിരുന്ന മലയാളികള്‍ക്ക് ‘മഞ്ഞടമുണ്ട് മടക്കിക്കുത്തി’ എന്ന് ഗുരുവായൂരപ്പനെ പറയുമ്പോള്‍ സഹിക്കില്ലെന്നും ശാസ്തമംഗലം പറഞ്ഞു.

ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, പണ്ടത്തെ കാലത്ത് മരണങ്ങള്‍ സംഭവിക്കുമ്പോള്‍ വീടുകളില്‍ ഒപ്പാരിയിടുന്നതുപോലെ തോന്നുമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പാട്ട് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഒരു കുളിര്‍മയുണ്ടാകണമെന്നും ശാസ്തമംഗലം കൂട്ടിച്ചേര്‍ത്തു.

കൈതപ്രം നമ്പൂതിരിപ്പാടിനെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. അദ്വൈതം എന്ന സിനിമയില്‍ ‘മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി’ എന്ന ഗാനത്തിനെതിരെയായിരുന്നു വിമര്‍ശനം. മഴവില്‍ രാവിലെയാണ് ഉണ്ടാകുക. എന്നാല്‍ വെണ്ണിലാക്കിളി ഉണ്ടാകുന്നത് രാത്രിയിലും. ഇവ തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ടി.പി. ശാസ്തമംഗലം പറഞ്ഞു.

എന്നാല്‍ അതേ സിനിമയിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ’ എന്ന ഗാനത്തെ കുറിച്ച് താന്‍ വളരെ നന്നായി എഴുതിയിട്ടുണ്ടെന്നും ശാസ്തമംഗലം പറഞ്ഞു.

Content Highlight: TP Sasthamangalam talks about KJ Yesudas