ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേയുടെ വന്‍ വിജയത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന പ്രശന്ങ്ങളും കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടിക്കുമുകളില്‍ നേടി.
ഇപ്പോഴിതാ ചിത്രത്തിലെ ‘കൃഷ്ണാ കൃഷ്ണാ’ എന്ന പാട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം. യാതൊരു അര്‍ത്ഥവുമില്ലാതെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നതാണ് ആ പാട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലെ വരികള്‍ എന്ത് ഉദ്ദേശത്തിലാണ് എഴുതിയതെന്ന് തനിക്ക് മനസിലായില്ലെന്നും ശാസ്തമംഗലം കൂട്ടിച്ചേര്‍ത്തു.
മഞ്ഞമുണ്ട് മടക്കിക്കുത്തി പടക്ക് നീ ഇറങ്ങി വായോ എന്ന വരി വായിച്ചപ്പോള്‍ കൃഷ്ണനെന്താ ഗുണ്ടയാണോ എന്ന് തനിക്ക് തോന്നിയെന്നും ആരും ഇതിനെതിരെ ശബ്ദിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ശാസ്തമംഗലം പറഞ്ഞു. മധുരയില്‍ പിറന്നവനേ മാമനെ വധിച്ചവനേ എന്ന വരിയും അത്തരത്തില്‍ അബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാമന്‍ എന്ന വാക്ക് തിരുവനന്തപുരത്തുകാര്‍ മാത്രമേ ഉപയോഗിക്കുള്ളൂവെന്നും ഗുരുവായൂരപ്പനെ തിരുവനന്തപുരത്തു കാരനാക്കിയെന്നും ശാസ്തമംഗലം കൂട്ടിച്ചേര്‍ത്തു. വാഴ എന്ന ചിത്രത്തിലെ പാട്ടുകളെയും ശാസ്തമംഗലം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പി.ഭാസ്‌കരനെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ടി.പി. ശാസ്തമംഗലം ഇക്കാര്യം പറഞ്ഞത്.
‘ഈ വര്‍ഷം റിലീസായ പടങ്ങളില്‍ പോപ്പുലറായ ഒന്നാണ് ഗുരുവായൂരമ്പല നടയില്‍. അതിലൊരു പാട്ടുണ്ട്. ‘പൊന്നമ്പല നട തുറന്ന് മഞ്ഞമുണ്ട് മടക്കിക്കുത്തി പടയ്ക്ക് നീ ഇറങ്ങി വായോ’ എന്ന്. കൃഷ്ണനെന്താ ഗുണ്ടയാണോ? മഞ്ഞമുണ്ട് മടക്കിക്കുത്തിക്കൊണ്ട് വരാന്‍? ഇത്തരത്തിലുള്ള വരികള്‍ എഴുതിയതിനെക്കാള്‍ അതിനെതിരെ ആരും സംസാരിക്കാത്തതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഞാന്‍ പോകുന്ന എല്ലാ സദസ്സിലും ഇക്കാര്യം പറയാറുണ്ട്.
അതുപോലെ ആ പാട്ടിലെ വേറൊരു വരിയാണ് ‘മഥുരയില്‍ പിറന്നവനേ, മാമനെ വധിച്ചവനേ’ എന്ന്. കംസവധത്തെയാണ് അയാള്‍ ഈ വരിയില്‍ സൂചിപ്പിച്ചത്. മാമന്‍ എന്നത് തിരുവനന്തപുരത്തുള്ളവര്‍ ഉപയോഗിക്കുന്ന വാക്കാണ്. ഒറ്റയടിക്ക് ഈ പാട്ടെഴുതിയവന്‍ ഗുരുവായൂരപ്പനെ തിരുവനന്തപുരത്തുകാരനാക്കി. ഇങ്ങനെ ഓരോ വരികള്‍ കേട്ടാല്‍ കൃഷ്ണന്‍ കൂടുതല്‍ ദുഃഖമുള്ളവനാകും എന്നാണ് എനിക്ക് തോന്നുന്നത്,’ ടി.പി. ശാസ്തമംഗലം പറയുന്നു.
Content Highlight: TP Sasthamangalam criticize the song in Guruvayurambala Nadayil movie