| Monday, 23rd December 2024, 11:09 am

വരികളൊക്കെ നല്ലതാണെങ്കിലും മണിച്ചിത്രത്താഴിലെ ആ പാട്ടിന് മറ്റൊരു പാട്ടുമായി സാദൃശ്യമുണ്ട്: ടി.പി. ശാസ്തമംഗലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളിലൊന്നായ മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി ഉള്‍പ്പടെ വലിയൊരു താരനിരയുമുണ്ടായിരുന്നു. ചിത്രത്തിലെ പാട്ടുകളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. സമീപകാലത്ത് ചിത്രം റീ റിലീസ് ചെയ്തപ്പോഴും വലിയ സ്വീകാര്യതയാണ് സിനിമക്ക് ലഭിച്ചത്.

ഇപ്പോള്‍ മണിച്ചിത്രത്താഴിലെ പാട്ടുകളെ കുറിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയാണ് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം. മണിച്ചിത്രത്താഴിനുള്ളില്‍ നിലവറ മൈന മയങ്ങിയെന്ന് തുടങ്ങുന്ന പാട്ട് എഴുതിയപ്പോള്‍ തെറ്റിയതാണെന്നും വരുവാനില്ലാരുമീ എന്ന് തുടങ്ങുന്ന പാട്ട് ചില്ല് എന്ന സിനിമയിലെ ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന പാട്ടുമായി സാദൃശ്യമുണ്ടെന്നും അദ്ദേഹം പറയുന്നു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മണിച്ചിത്രത്താഴിലെ പാട്ടിനെ കുറിച്ചുള്ള വിമര്‍ശനം അന്നുതന്നെ ഞാന്‍ എഴുതിയിരുന്നു. മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ നിലവറ മൈന മയങ്ങിയെന്നായിരുന്നു വരി. മണിച്ചിത്ര ‘താഴി’നുള്ളില്‍ നിലവറ മൈന പറ്റില്ലല്ലോ. അവിടെ അങ്ങനെ എഴുതി വന്നപ്പോള്‍ തെറ്റുപറ്റിയതാണ്. അത് അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അന്നൊക്കെ സിനിമ ഇറങ്ങിയ ഉടന്‍ തന്നെ കാണാന്‍ പോകുമായിരുന്നു.

വരുമാനില്ലാരുമീ എന്ന മധു മുട്ടം എഴുതിയ പാട്ടിനെ കുറിച്ചൊക്കെ അന്ന് ഞാന്‍ എഴുതിയിരുന്നു. വരികളൊക്കെ നല്ലതായിരുന്നെങ്കിലും ആ പാട്ടിന് ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന പാട്ടിന്റെ ട്യൂണുമായി സാദൃശ്യമുണ്ടായിരുന്നു. എം.ജി. രാധാകൃഷ്ണനാണ് അത് ട്യൂണ്‍ ചെയ്തത്. അദ്ദേഹത്തോട് തന്നെ ഞാനിത് പറയുകയും ചെയ്തിട്ടുണ്ട്.

ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന എന്ന ചില്ലിലെ പാട്ട് എം.ജി. ശ്രീനിവാസനാണ് ട്യൂണ്‍ ചെയ്തിട്ടുള്ളത്. അതേ ട്യൂണാണ് ഈ വരുവാനില്ലാരുമീ എന്ന പാട്ടിനും. അത് രണ്ടുംകൂടെ പാടിനോക്കുമ്പോള്‍ അറിയാം. നല്ല സാദൃശ്യമുണ്ട്,’ ടി.പി. ശാസ്തമംഗലം പറഞ്ഞു.

content highlights: TP Sastamangalam talks about the songs in Manichithrathazh

We use cookies to give you the best possible experience. Learn more