| Tuesday, 7th January 2020, 11:55 am

'എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മുത്തൂറ്റ് മാനേജ്മെന്റ്'; ആവശ്യം രമ്യമായ പ്രശ്ന പരിഹാരമെന്ന് ടി.പി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് സമരത്തില്‍ പ്രതികരണവുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. മുത്തൂറ്റ് ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതാണ്. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാതെ മാനേജമെന്റ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

മുത്തൂറ്റ് ഗ്രൂപ്പ് എം.ഡി ജോര്‍ജ് അലക്സാണ്ടറിന്റെ കാറിനു നേരെ കല്ലേറ് ഉണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സമരം ചെയ്യുന്ന തൊഴിലാളികളാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നില്ല. പ്രശ്നം സമാധാനപരമായ രീതിയില്‍ പരിഹരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മാനേജ്മെന്റ് തൊഴിലാളികളുമായി സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച്ച രാവിലെ വാഹനം യു ടേണ്‍ എടുക്കുന്ന സമയത്ത് രണ്ട് പേര്‍ ഓടിയടുത്ത് ജോര്‍ജ് അലക്സാണ്ടറിന്റെ കാറിന് നേരെ കല്ലെറിയുകയായിരുന്നു. എറണാകുളത്തെ മുത്തൂറ്റ് ഓഫീസിനു മുന്നില്‍ രാവിലെ ഒമ്പത് മണിയോടെയാണ്. സംഭവം. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് കല്ലേറിനു പിന്നിലെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ആരോപിക്കുന്നു. എന്നാല്‍ മാനേജ്മെന്റ് അനുകൂല ജീവനക്കാരെ ഉപയോഗിച്ചുകൊണ്ട് സമരം തകര്‍ക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്.

മുത്തൂറ്റ് ഗ്രൂപ്പിന്റെ 43 ശാഖകളില്‍ നിന്നായി 166 പേരെ പിരിച്ചുവിട്ടതിനെതിരെ എറണാകുളത്ത് ജീവനക്കാര്‍ സമരം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്മെന്റ് അനുകൂല ജിവനക്കാര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത് വിവാദമായിരുന്നു. തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് സമരം നടക്കുന്ന സ്ഥലത്ത് ‘റൈറ്റ് ടു വര്‍ക്ക്’ എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുയര്‍ത്തണം, ലോക്കല്‍ പൊലീസിനും, ജില്ലാ പൊലീസ് മേധാവിയ്ക്കും സമരക്കാര്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന കാണിച്ച് രേഖാമൂലമുള്ള പരാതി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എഴുതേണ്ട പരാതിയുടെ പകര്‍പ്പും മുത്തൂറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടിട്ടുണ്ട്. ഏതു വിധേനയും ഓഫീസില്‍ പ്രവേശിക്കണമെന്നും ഈ ദിവസങ്ങളിലെ ശമ്പളം കമ്പനി നിര്‍ദേശത്തോട് സഹകരിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുമെന്നും മുത്തൂറ്റ് എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ആഗ്സ്ത് 22 മുതല്‍ 52 ദിവസം നീണ്ട് നിന്ന് സമരം തൊഴിലാളികള്‍ക്കു നേരെ പ്രതികാര നടപടിയുണ്ടാകില്ല എന്ന നിബന്ധനകൂടി മുന്നോട്ട് വച്ചാണ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനുശേഷമാണ് മുത്തൂറ്റ് സാമ്പത്തിക ലാഭമില്ലെന്നു ചൂണ്ടികാട്ടി 166 ജീവനക്കാരെ ഒറ്റയടിയ്ക്ക് പുറത്താക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more