തിരുവനന്തപുരം: ഒന്നാം തിയതി ബാര്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭയിലാണ് ഒന്നാം തിയതി ബാര്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുളള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ തീരപ്രദേശത്ത് കാസിനോകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടപ്പോള്‍ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാള്‍ കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ താലൂക്കിലും ലഹരിമുക്ത കേന്ദ്രങ്ങള്‍ തുറക്കാനാണ് ശ്രമിക്കുക. നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
മാര്‍ച്ചില്‍ പുതിയ മദ്യ നയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഡ്രൈ ഡേ വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
17 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശമ്പള ദിവസമായ ഒന്നാംതിയതി സംസ്ഥാനത്ത് ഡ്രൈഡേയായി പ്രഖ്യാപിച്ചത്. ശമ്പള ദിനമായ ഒന്നാം തീയതി മദ്യശാലകള്‍ തുറക്കുന്നത് വീടുകളിലെത്തേണ്ട വരുമാനത്തിന്റെ നല്ലൊരു ശതമാനവും മദ്യശാലകളിലെത്തിക്കുന്നു എന്ന വിലയിരുത്തലില്‍ എ.കെ ആന്റണി സര്‍ക്കാരാണ് അങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.
സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഒന്നാം തീയതിയുളള നിരോധനം പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ടി.പി രാമകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു.
ഡ്രൈഡേ കൊണ്ട് കാര്യമായ നേട്ടമില്ലന്ന വിലയിരുത്തലും ടൂറിസം മേഖലയില്‍ നിന്നുളള സമ്മര്‍ദ്ദവുമാണ് ഈ നീക്കത്തിന് പിന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ