| Friday, 3rd March 2017, 10:20 am

ഹാരിസണ്‍ കമ്പനിയെ സഹായിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തൊഴില്‍ മന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പാട്ട വ്യവസ്ഥകളും കാലാവധിയും മറികടന്ന് 59,000-ല്‍ പരം ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം കമ്പനിയെ സഹായിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ കത്ത്. ഹാരിസണെതിരായ റവന്യൂ വകുപ്പിന്റെ നിലപാടു മൂലം കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.പി രാമകൃഷ്ണന്റെ കത്ത്. മംഗളം പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഡിസംബര്‍ 28നാണ് ടി.പി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫീസര്‍ രാജമാണിക്യം കൈക്കൊണ്ട നടപടികള്‍ മൂലം ഹാരിസണിന്റെ പക്കല്‍നിന്നു ഭൂനികുതി സ്വീകരിക്കില്ലെന്നു റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനു പുറമേ ഹാരിസണ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും നിരാകരിച്ചിരുന്നു.

ഈ നടപടികള്‍ കാരണം കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴില്‍ മന്ത്രിയുടെ കത്ത്. റവന്യൂ വകുപ്പിന്റെ നിലപാടുമൂലം കമ്പനിക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹാരിസണിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ റവന്യൂ, വനം, തൊഴില്‍ മന്ത്രിമാരുടെ യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ ഈടാക്കിവരുന്ന സീനിയറേജ് റേറ്റ് ഒഴിവാക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. ഹാരിസണിന്റെ പക്കലിരിക്കുന്നതു പാട്ടഭൂമിയാണെന്നു മന്ത്രി സമ്മതിക്കുന്നുണ്ടെങ്കിലും ഈട്ടി, തേക്ക് മുതലായ രാജകീയ വൃക്ഷങ്ങള്‍ക്ക് മാത്രമേ സീനിയറേജ് ഈടാക്കാവൂ എന്നാണ് മന്ത്രി പറയുന്നത്.

ഹാരിസണ്‍ കമ്പനിക്കുവേണ്ടി മന്ത്രി ഇടപെട്ടത് വിവാദമായിരിക്കുകയാണ്. ഹാരിസണ്‍ കമ്പനിയിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത മന്ത്രിയാണ് ഇപ്പോള്‍ കമ്പനിക്കുവേണ്ടി രംഗത്തെത്തിയിരിക്കുന്നതെന്നാണ് ആരോപണം.

അതേസമയം സമയം, കത്തിനെ ന്യായീകരിച്ചുകൊണ്ട് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടല്ല കത്തു കൊടുത്തിരിക്കുന്നത്. ഏതൊരു തോട്ടമാണെങ്കിലും റീപ്ലാന്റേഷന്‍ നടക്കണം. എങ്കില്‍ മാത്രമേ തൊഴിലാളികള്‍ക്കു തൊഴില്‍ ലഭിക്കൂ. കഴിഞ്ഞ സര്‍ക്കാരിന്റെ ചില നടപടികളാണു ഹാരിസണ്‍ തോട്ടങ്ങളില്‍ റീപ്ലാന്റേഷന്‍ അസാധ്യമാക്കിയത്. റീപ്ലാന്റേഷന്‍ ചെയ്താലും തോട്ടം ഏറ്റെടുക്കാന്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more