തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നിയമ ലംഘനം നടത്തിയതായി പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ നല്‍കുന്നവര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഇത് സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിയിലെ പാര്‍ക്കില്‍ തൊഴിലാളികള്‍ക്ക് ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് ആരോപണം.
അതേസമയം അനധികൃത തടയണ നിര്‍മാണത്തില്‍ പി.വി അന്‍വറിനെതിരെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കി.
മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ പി.വി.അന്‍വര്‍ അനധികൃതമായി നിര്‍മിച്ച തടയണ പൊളിക്കാന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ദുരന്തനിവാരണ നിയമം അട്ടിമറിച്ചാണ് തടയണ നിര്‍മിച്ചതെന്ന് മലപ്പുറം കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആര്‍.ഡി.ഒ വ്യക്തമാക്കുകയും ചെയ്തു.
തടയണ നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി ആര്‍.ഡി.ഒ യ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പി.വി.അന്‍വറിന് 2015 ജൂണ്‍ – ജൂലൈ മാസങ്ങളിലായി തടയണ നിര്‍മിക്കാന്‍ ഒരു അനുമതിയും പഞ്ചായത്ത് നല്‍കിയിട്ടില്ലെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റും കല്ലും ഉപയോഗിച്ചായിരുന്നു തടയണ നിര്‍മാണം.
തടയണയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ഉള്‍പ്പെടുത്തി കലക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.