കോഴിക്കോട്: മലയാള സാഹിത്യം പരിമിതികള്‍ മറികടന്നത് കേരളം വിട്ട സാഹിത്യകാരന്മാരിലൂടെയെന്ന് എഴുത്തുകാരന്‍ ടി.പി രാജീവന്‍ പറഞ്ഞു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ബാബു ഭരദ്വാജ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച “നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്” എന്ന നോവലിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധവിക്കുട്ടിയെ പോലെ കേരളത്തിന്റെ പരിമിതികള്‍ക്കു പുറത്തേക്കു സഞ്ചരിച്ചവരാണ് കുമാരനാശാനും സക്കറിയയും എം മുകുന്ദനും അടങ്ങുന്ന മലയാളത്തിലെ നല്ല എഴുത്തുകാരെന്നു പറഞ്ഞ രാജവന്‍. കൊല്‍ക്കത്തയ്ക്ക് പോയില്ലായിരുന്നെങ്കില്‍ ആശാനില്‍ ബൗദ്ധ പശ്ചാത്തലം വരുമോ എന്നത് സംശയമാണെന്നും പറഞ്ഞു.
സഞ്ചാരങ്ങളാണ് എഴുത്തുകാരില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതെന്നു അഭിപ്രായപ്പെട്ട അദ്ദേഹം അവരുടെ സഞ്ചാരങ്ങള്‍ എഴുത്തിനെ അടിമുടി മാറ്റിത്തീര്‍ത്തെന്നും അതിലെ വ്യതിരിക്തമായ ഒരു വഴിയാണ് പ്രവാസത്തെ തുടര്‍ന്നുള്ള ബാബു ഭരദ്വാജിന്റെ എഴുത്തെന്നും ചൂണ്ടിക്കാട്ടി.
“ജീവിതത്തില്‍ കണ്ടു മുട്ടിയ നിരാശ്രയരും നിസ്സഹായരുമായ ആളുകളെ എഴുത്തിലൂടെ പുനരധിവസിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. ഈ നോവലില്‍ അങ്ങനെ മാറി നില്‍ക്കുന്ന വ്യത്യസ്തരായ ആളുകള്‍ വസിക്കുന്ന ഒരു ജീവല്‍ പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. അമ്പൂട്ടി എന്ന വേണ്ടേക്കു മരത്തില്‍ തല കീഴായി നില്‍ക്കുന്ന ചരിത്ര സാക്ഷിയായ ഒരു കഥാ പാത്രമുണ്ട് ഇതില്‍. അങ്ങനെയൊരാള്‍ എല്ലാ നാട്ടിലുമുണ്ടാവും. എന്റെ നാട്ടിലുണ്ട്.” അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ രണ്ടു രീതിയിലുണ്ടെന്നും ഭരദ്വാജ് മേല്‍പ്പറഞ്ഞ പോലെ ചുറ്റും പല തരം മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും നില്‍ക്കാന്‍ ഇടമുണ്ടാക്കുന്ന തണല്‍ വൃക്ഷം പോലത്തെ എഴുത്താണ് നടത്തുന്നതെന്നും പറഞ്ഞ രാജീവന്‍ അതേ സമയം ആറ്റൂരിനെ പോലെ ഏകാന്തമായി തപസ്സു പോലെ ഉത്തുംഗ ശൃംഗമായി നിന്ന് “പീറ്റത്തെങ്ങു പോലെ” നല്ല കായ്ഫലം തന്നു കൊണ്ട് എഴുതുന്നവരും ഉണ്ടെന്നും പറഞ്ഞു.
“ബാബു ഭരദ്വാജിനെ ഒറ്റയ്ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. കോഴിക്കോട്ടെ സാഹിത്യ മാത്രമായ സര്‍ഗ്ഗാത്മക കൂട്ടിന് ഒരു വിച്ഛേദം നല്‍കി പുതു മാധ്യമങ്ങള്‍ക്കും സാങ്കേതിക വിദ്യയ്ക്കും സ്ഥാനം നല്‍കുന്നതില്‍ അദ്ദേഹം കേന്ദ്ര സ്ഥാനം വഹിച്ചു. അതു കൊണ്ടാണ് പ്രിന്റിങ് പ്രസ് തുടങ്ങാനും സിനിമ നിര്‍മിക്കാനും ഒക്കെ തുനിഞ്ഞിറങ്ങിയത്. സംഘാടകനും സഞ്ചാരിയും എഴുത്തുകാരനുമെന്ന നിലയില്‍ അദ്ദേഹം ഉള്‍പ്പെട്ട സംഘം കോഴിക്കോടിന് നല്‍കിയ വിച്ഛേദം പ്രധാനമാണ്.”
“മരണം മുന്നില്‍ കണ്ടു കൊണ്ടാണ് അദ്ദേഹം ഈ നോവല്‍ എഴുതിയത്. വാസ്തവത്തില്‍ ഓരോ കൃതിയും അവസാനത്തെ കൃതിയാണ് എന്ന പോലെയാണ് ഓരോ എഴുത്തുകാരനും എഴുതുന്നത്. അതിന്റെ ഗതി പരിണാമങ്ങള്‍ അവരുടെ ജീവിതത്തിന്റെ തന്നെ ഗതി പരിണാമങ്ങളാവുന്നത് അപൂര്‍വമല്ല”. അദ്ദേഹം പറഞ്ഞു.